തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 22 ദിവസത്തിനിടെ ഒമ്പതുപേരാണ് മരിച്ചത്. 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഇക്കാലയളവിൽ 170 പേരാണ് രോഗബാധിതരായത്.ഈമാസം മാത്രം 17 പേർ രോഗബാധിതരായി. രോഗം ബാധിച്ച് 40 ദിവസം ചികിത്സയിലായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.വി. വിനയയാണ് (26) ഒടുവിൽ മരിച്ചത്. രോഗം ബാധിച്ച് ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് വിവരം.
രോഗബാധിതർ ഇടപഴകിയ ജലാശയങ്ങളിലെയും മറ്റും വെള്ളത്തിന്‍റെ സാമ്പിൾ പരിശോധിച്ചിട്ടും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. രോഗപ്രതിരോധത്തിനുള്ള കൃത്യമായ പോംവഴികളൊന്നും ഇനിയും ആരോഗ്യവിദഗ്ധർ നിർദേശിച്ചില്ല.വെള്ളത്തിൽനിന്നാണ് രോഗം വരുന്നതെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കരുതെന്നും അധികൃതർ നിരന്തരം പറയുന്നുണ്ട്. എന്നാൽ വർഷങ്ങളായി ശരീരം തളർന്ന നിലയിലുള്ള കിടപ്പുരോഗികൾ ഉൾപ്പെടെ എങ്ങനെ രോഗബാധിതരായി എന്നതിൽ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
അതിനിടെ, ആരോഗ്യ വകുപ്പ് ആരംഭിച്ച പഠനം പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നുള്ള പഠനത്തിൽ പരിസ്ഥിതി വിദഗ്ധർ ഉൾപ്പെട്ടിട്ടില്ല. അതിനാൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗത്തിന്റെ എല്ലാവശങ്ങളും പഠനത്തിന്റെ ഭാഗമാകില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്.കമ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് വിഭാഗങ്ങളിലുള്ളവരാണ് പഠനസംഘത്തിന് നേതൃത്വം നൽകുന്നത്. രോഗവ്യാപനവും ഉറവിടവും വ്യത്യസ്‌തമായതിനാൽ ഓരോ കേസും പ്രത്യേകം പഠിക്കണം. പഠനം പൂർത്തിയാകാൻ ആറുമാസമെങ്കിലും വേണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.

