വാഷിംഗ്ടൺ : ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിനിടെ ലെബനിൽ കഴിയുന്ന അമേരിക്കക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനങ്ങളുമായി അമേരിക്ക. ആക്രമണത്തെ തുടർന്ന് മധ്യേഷ്യൻ മേഖലയിലേക്കുള്ള വിമാന സർവീസുകൾ മിക്ക വിമാനക്കമ്പനികളും നിർത്തിവച്ചിരിക്കുകയാണ്. ഏതാണ്ട് 250 ഓളം അമേരിക്കക്കാരെയും അവരുടെ ബന്ധുക്കളെയും ലെബനനിൽ നിന്ന് യുഎസ് ഏർപ്പാടാക്കിയ വിമാനങ്ങൾ യുഎസിൽ എത്തിച്ചിട്ടുണ്ട്. അതേസമയം ആയിരക്കണക്കിന് അമേരിക്കക്കാർ ഇപ്പോഴും ലെബനനിൽ തുടരുകയാണ്.
വാഷിംഗ്ടണിൽ, രണ്ട് അറബ് അമേരിക്കൻ പ്രതിനിധികളുമായി മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി, ലെബനൻ വിടാൻ തീരുമാനിച്ചിരിക്കുന്ന അമേരിക്കൻ പൗരന്മാരെ സഹായിക്കുന്നതിനുള്ള യുഎസ് ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഇരുവരും വെവ്വേറെ കൂടിക്കാഴ്ച നടത്തി.യുഎസിലെ അറബ് – അമേരിക്കക്കാരുടെ ആസ്ഥാനമായ മിഷിഗണിലെ ചില ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി നേതാക്കളും സമ്പൂർണ ഒഴിപ്പിക്കൽ നടത്താൻ യുഎസിനോട് ആവശ്യപ്പെട്ടെങ്കിലും അത് ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് പെൻ്റഗൺ വക്താവ് സബ്രീന സിംഗ് പറഞ്ഞു. അതിന്റെ ആവശ്യം ഇപ്പോൾ ഇല്ലെന്നാണ് യുഎസ് നിലപാട്ഗ്രീസ് , യുകെ, ജപ്പാൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കുകയോ സൈനിക വിമാനങ്ങൾ അയയ്ക്കുകയോ ചെയ്തിട്ടുണ്ട്.
മെട്രൊ ഡെട്രോയിറ്റിലെ ഡിയർബോൺ ഏരിയയിലെ താമസക്കാരനായ കമൽ അഹ്മദ് ജവാദ് കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ലെബനനിലേക്ക് പോകരുതെന്ന് ഒരു വർഷത്തോളമായി വിദേശകാര്യ വകുപ്പ് അമേരിക്കക്കാരോട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ലെബനിൽ കഴിയുന്ന അമേരിക്കക്കാരോട് മാസങ്ങൾക്ക് മുമ്പ്തന്നെ അവിടം വിടാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ ബന്ധുക്കൾ ലെബനനിൽ നിന്നുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കാൻ ദിവസങ്ങളോ ആഴ്ചകളോ ആയി പാടുപെടുകയാണെന്ന് ചില അമേരിക്കക്കാർ പറഞ്ഞു. ലെബനൻ്റെ ദീർഘകാല സാമ്പത്തിക തകർച്ചയും ഇടവിട്ടുള്ള വൈദ്യുതിമുടക്കവും ഇൻ്റർനെറ്റിൻ്റെ മുടക്കവും കാരണം ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇവർ പറയുന്നു.6,000-ലധികം അമേരിക്കൻ പൗരന്മാർ കഴിഞ്ഞ ഒരാഴ്ചയായി രാജ്യം വിടുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി ബെയ്‌റൂട്ടിലെ യുഎസ് എംബസിയുമായി ബന്ധപ്പെട്ടു.