Friday, December 5, 2025
HomeEntertainmentപരിക്കിന് ശേഷം ജന്മദിന പാർട്ടിയിൽ ശ്രേയസ് അയ്യർ: ശ്രേയസ്, പ്രീതി ചിത്രങ്ങളും വിഡിയോകളും...

പരിക്കിന് ശേഷം ജന്മദിന പാർട്ടിയിൽ ശ്രേയസ് അയ്യർ: ശ്രേയസ്, പ്രീതി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ

മുംബൈ : ഏകദിന മത്സരത്തിനിടെ പരുക്കേറ്റ് ഓസ്ട്രേലിയയിൽ ചികിത്സയിലായിരുന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ വീണ്ടും പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടു. ഈ മാസം 16നാണ് ശ്രേയസ് നാട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഹോട്ടലിൽ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ ക്യാമറക്കണ്ണുകൾ വളഞ്ഞത്. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാർട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു. ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആഘോഷപാർട്ടിക്കു ശേഷം കൂടിക്കാഴ്ചയെക്കുറിച്ച് പ്രീതി സിന്റ എക്സിൽ കുറിക്കുകയും ചെയ്തു. ‘‘ചിലപ്പോൾ ഒട്ടും പ്ലാൻ ചെയ്യാത്തതും അപ്രതീക്ഷിതവുമായ വൈകുന്നേരങ്ങളാണ് ഏറ്റവും മികച്ചത്. ശശാങ്ക്, ഒരിക്കൽ കൂടി ജന്മദിനാശംസകൾ. നിന്നെ കണ്ടതിൽ വളരെ സന്തോഷമുണ്ട്. ശ്രേയസ് സുഖം പ്രാപിച്ച് പുറത്തുവന്നതിൽ (ഒരിക്കലെങ്കിലും) വളരെ സന്തോഷമുണ്ട്.’’– പ്രീതി സിന്റെ എക്സിൽ കുറിച്ചു.

അതേസമയം, ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെൽഫിക്കായി ആരാധകർ വളഞ്ഞപ്പോൾ താരം സുരക്ഷാ ജീവനക്കാരനോട് കയർക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആളുകൾ ഫോട്ടോയെടുക്കാൻ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരൻ തന്നെ സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. ‘‘സഹോദരാ, ആൾക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി’’ എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.

ഒക്ടോബർ 25നു നടന്ന ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യർക്കു പരുക്കേറ്റത്. ഹർഷിത് റാണയുടെ പന്തിൽ ഓസ്ട്രേലിയൻ ബാറ്റർ അലക്സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസ് ഗ്രൗണ്ടിൽ വീഴുകയായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കാനിങ്ങിൽ ശ്രേയസിന്റെ പ്ലീഹയിൽ (സ്പ്ലീൻ) മുറിവുള്ളതായി കണ്ടെത്തി. ആന്തരിക രക്തസ്രാവമുണ്ടായതോടെ താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്താതെ തന്നെയാണ് രക്തസ്രാവം നിയന്ത്രിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. പരുക്ക് ഭേദമായെങ്കിലും ശ്രേയസ് ഉടൻ തന്നെ ടീമിലേക്ക് മടങ്ങിയെത്തില്ലെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലൻഡിനുമെതിരായ പരമ്പരകൾ താരത്തിനു നഷ്ടമാകും. മാർച്ചിൽ ആരംഭിക്കുന്ന ഐപിഎലിലൂടെയാണ് ശ്രേയസിന്റെ തിരിച്ചുവരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments