തെൽഅവീവ്: ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ ഇസ്രായേൽ സൈനികൻ അറസ്റ്റിൽ. ഇസ്രായേൽ സെക്യൂരിറ്റി ഏജൻസിയായ ഷിൻബെറ്റാണ് ഇയാളെ പിടികൂടിയത്. 21 വയസ് മാത്രമാണ് പിടിയിലായ ഇസ്രായേൽ സൈനികന്റെ പ്രായം. നിരന്തരമായി ഇയാൾ ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.റാഫേൽ റെവെനിയെന്ന സൈനികനാണ് പിടിയിലായത്. ഹാറ്റ്സെറിം എയർബേസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അന്വേഷണത്തിൽ ഇയാൾ ഇസ്രായേൽ വ്യോമകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇറാന് കൈമാറുകയും അതിന് ഡിജിറ്റൽ പേയ്മെന്റിലൂടെ പണം വാങ്ങുകയും ചെയ്തുവെന്ന് ഇസ്രായേൽ കണ്ടെത്തി.
ബീർഷെബ പോലുളള വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കൽ, ചില സ്ഥലങ്ങളിൽ ഇറാൻ ഉപകരണങ്ങൾ സ്ഥാപിക്കൽ, സിം കാർഡുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം കൈമാറിയതിന് ഗുരുതരമായ വകുപ്പുകൾ ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേൽ പൊലീസ് തയാറായിട്ടില്ല.

