വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ നിയമപരമായ കുടിയേറ്റക്കാരെയും രേഖകളില്ലാത്ത കുടിയേറ്റക്കാരെയും വന്‍തോതില്‍ നാടുകടത്താന്‍ പദ്ധതിയിട്ട് ഡോണള്‍ഡ് ട്രംപ്. ന്യൂസ് നേഷനുമായുള്ള പ്രത്യേക അഭിമുഖത്തില്‍, ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ താല്‍ക്കാലിക സംരക്ഷണ പദവി ലഭിച്ച ഹെയ്തിയന്‍ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഇല്ലാതാക്കാന്‍ താന്‍ പദ്ധതിയിട്ടതായി ട്രംപ് വെളിപ്പെടുത്തി.
”സ്പ്രിംഗ്ഫീല്‍ഡ് വളരെ മനോഹരമായ ഒരു സ്ഥലമാണ്; അതിന് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത് അതിരുകടന്നിരിക്കുന്നു. അവരെ നീക്കം ചെയ്യണം,” എന്നാണ് ട്രംപ് പറഞ്ഞത്. നിങ്ങള്‍ താല്‍ക്കാലിക സംരക്ഷണ പദവി അസാധുവാക്കുമോ?’ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും, ഞാന്‍ അത് പിന്‍വലിക്കുകയും അവരെ അവരുടെ രാജ്യത്തേക്ക് തിരികെ എത്തിക്കുകയും ചെയ്യുമെന്നാണ് ട്രംപ് മറുപടി പറഞ്ഞത്.
ലക്ഷക്കണക്കിന് നിയമപരമായ താമസക്കാരെ നാടുകടത്താനുള്ള നീക്കത്തിന്റെ ഭാഗമായി തന്റെ ആദ്യ ഭരണകാലത്ത്, എല്‍ സാല്‍വഡോര്‍, ഹെയ്തി, നിക്കരാഗ്വ, സുഡാന്‍, നേപ്പാള്‍, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള താല്‍ക്കാലിക സംരക്ഷണ സ്റ്റാറ്റസ് ഓര്‍ഡറുകള്‍ ട്രംപ് റദ്ദാക്കിയിരുന്നു. നികുതി അടക്കുന്ന, സ്വന്തമായി വീടുള്ള, ജോലിയുള്ള, കുടുംബത്തെ പോറ്റുന്ന, ഏകദേശം 18,000 പേരുടെ ഈ സംഘത്തെ ബലപ്രയോഗത്തിലൂടെ പിഴുതെറിയാനാണ് ഇപ്പോള്‍ ട്രംപ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച്, താല്‍ക്കാലിക സംരക്ഷണ സ്റ്റാറ്റസ്, ഡിഎസിഎ, ഹ്യൂമാനിറ്റേറിയന്‍ പരോള്‍ തുടങ്ങിയ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ ട്രംപ് അനുവദിച്ചാല്‍ നാടുകടത്തലില്‍ നിന്ന് 2.7 ദശലക്ഷം ആളുകള്‍ക്ക് സംരക്ഷണം നഷ്ടപ്പെടും.