Friday, December 5, 2025
HomeIndiaഎൽ.പി.ജി ഇനി യു.എസിൽ നിന്ന്; ഇറക്കുമതിക്ക് കരാർ ഒപ്പിട്ട് ഇന്ത്യ

എൽ.പി.ജി ഇനി യു.എസിൽ നിന്ന്; ഇറക്കുമതിക്ക് കരാർ ഒപ്പിട്ട് ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം(എൽ.പി.ജി) ഇറക്കുമതി ചെയ്യാനുള്ള ആദ്യ കരാറിൽ ഇന്ത്യ ഒപ്പു വെച്ചു. രാജ്യത്തെ വാർഷിക എൽ.പി.ജി ഇറക്കുമതിയുടെ ഏകദേശം 10 ശതമാനമാണ് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുക. പ്രതിവർഷം ഏകദേശം 2.2 ദശലക്ഷം ടൺ എൽ.പി.ജി ഇറക്കുമതി ചെയ്യാനുള്ള 2026 ലേക്കുള്ള ഉടമ്പടിക്കാണ് പൊതുമേഖലാ കമ്പനികൾ ഇപ്പോൾ അന്തിമരൂപം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

അമേരിക്കൻ കമ്പനികളുമായി ചർച്ച ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) എന്നിവയുടെ സംയുക്ത സംഘം കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിൽ സന്ദർശനം നടത്തിയിരുന്നു. ഇത് ചരിത്രപരമായ നീക്കമാണെന്നും, ലോകത്ത് അതിവേഗം വളരുന്ന എൽ.പി.ജി വിപണികളിലൊന്നാണ് അമേരിക്കൻ വിതരണത്തിനായി ഇപ്പോൾ ഔപചാരികമായി തുറന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ സുരക്ഷിത എൽ.പി.ജി ലഭ്യമാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.പി.ജി ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. കേന്ദ്ര സർക്കാറിന്‍റെ ഉജ്ജ്വല യോജന തുടർന്നും വിപുലമാകുന്നതിനാൽ ദ്രവീകൃത വാതകത്തിന്‍റെ ആവശ്യം വർധിച്ചുവരുകയാണ്. എൽ.പി.ജി ആവശ്യത്തിന്‍റെ 50 ശതമാനത്തിൽ കൂടുതലും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ്.

ആഗോള വിപണിയിൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പരമ്പരാഗത വിതരണക്കാരോടുള്ള ആശ്രിതത്വം കുറക്കാനും സുസ്ഥിര ലഭ്യത മെച്ചപ്പെടുത്താനുമുള്ള നീക്കമാണ് അമേരിക്കയുമായുള്ള കരാർ. ആഗോളതലത്തിൽ എൽ.പി.ജി വില കഴിഞ്ഞ വർഷം 60 ശതമാനത്തിൽ കൂടുതലാണ് വർധന രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ വിപണിയിലേക്ക് ഇതാദ്യമായാണ് യു.എസിൽ നിന്ന് ചട്ടപ്പടി കരാർ മുഖേന പാചകവാതകം എത്തിക്കുന്നത്. 2026 ജനുവരി മുതൽ കരാർ പ്രാബല്യത്തിൽ വരും. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് വിതരണം കൈകാര്യം ചെയ്യുക. ആഗോള ഭീമന്മാരായ ഷെവ്‌റോൺ, ഫിലിപ്‌സ് 66, ടോട്ടൽ എനർജിസ് ട്രേഡിംഗ് എസ്‌.എ എന്നിവരുടെ നേതൃത്വത്തിൽ 48 വലിയ ഗ്യാസ് ടാങ്കറുകളിലായി എൽ.പി.ജി ഇന്ത്യയിലേക്ക് എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments