ഗസ്സ സിറ്റി: വെടിനിർത്തൽ നിലവിൽ വന്ന് ആഴ്ചകളായിട്ടും ഗസ്സയിൽ മനുഷ്യ വേട്ട തുടർന്ന് ഇസ്രായേൽ. ഖാൻ യൂനുസിൽ നടന്ന ബോംബിങ്ങിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.മൂന്നു ദിവസത്തിനിടെ 17 മൃതദേഹങ്ങൾ ഗസ്സയിലെ ആശുപത്രികളിലെത്തിയതോടെ ഇസ്രായേൽ അധിനിവേശത്തിൽ മരണസംഖ്യ 69,483 ആയി ഉയർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നടത്തിയ തിരച്ചിലിലാണ് 15 മൃതദേഹങ്ങൾ ലഭിച്ചത്.
കഴിഞ്ഞ മാസം വെടിനിർത്തൽ നടപ്പായ ശേഷം മാത്രം ഗസ്സയിൽ 266 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, ദക്ഷിണ ലബനാനിൽ ഇസ്രായേൽ അധിനിവേശം നടത്തിയ ഭൂമിയിൽ പുതുതായി നിർമിക്കുന്ന മതിലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകുമെന്ന് ലബനാൻ സർക്കാർ അറിയിച്ചു. നാലു ചതുരശ്ര കിലോമീറ്റർ ഭൂമി ഇതോടെ ലബനാൻ ജനതക്ക് നിഷേധിക്കപ്പെട്ടതായി ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ പറഞ്ഞു.

