Friday, December 5, 2025
HomeNewsറഷ്യൻ എണ്ണയുടെ ഉപരോധം: കൂപ്പു കുത്തി റഷ്യൻ വളർച്ച നിരക്ക്

റഷ്യൻ എണ്ണയുടെ ഉപരോധം: കൂപ്പു കുത്തി റഷ്യൻ വളർച്ച നിരക്ക്

മോസ്കോ : യുക്രെയ്നെതിരായ യുദ്ധവും യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങളും റഷ്യൻ സമ്പദ്‍വ്യവസ്ഥയെ സാരമായി ഉലയ്ക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ റഷ്യയുടെ ജിഡിപി വളർന്നത് വെറും പൂജ്യം ശതമാനമാണെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ റഷ്യ 1.1% വളർന്നിരുന്നു.

ഉപരോധം മൂലം റഷ്യൻ എണ്ണ വിൽപനയിൽ‌ നിന്നുള്ള വരുമാനം ഇടിഞ്ഞതും ഉൽപന്ന ഇറക്കുമതികൾ ദുർബലമായതും അധികരിച്ച സൈനികച്ചെലവുകളും പുട്ടിൻ സർക്കാരിന്റെ സാമ്പത്തികസ്ഥിതിയെയും ബാധിക്കുകയാണ്. ഉപരോധം മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തെ താറുമാറാക്കിയതിനാൽ കടകളിൽ ഉൽപന്നങ്ങളുടെ കുറവുണ്ട്. ചൈന, ഉത്തര കൊറിയ തുടങ്ങിയ സുഹൃദ് രാജ്യങ്ങളിൽ‌ നിന്നുമാത്രമാണ് നിലവിൽ ഇറക്കുമതി.

അതുകൊണ്ടുതന്നെ, രാജ്യത്ത് പണപ്പെരുപ്പം അതിരൂക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി റഷ്യൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുത്തനെ ഉയർത്തിയിട്ടുള്ളതിനാൽ ജനങ്ങൾ വലയുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വായ്പാപ്പലിശ നിരക്കുമൂലം കമ്പനികളുടെ പ്രവർത്തനങ്ങളും താളംതെറ്റുന്നു. വായ്പാ എടുക്കാൻ പലരും മടിക്കുന്നു. എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാവാതെ പാപ്പരത്ത നടപടികളിലേക്ക് കടക്കുന്ന കമ്പനികളുടെ എണ്ണവും കൂടുന്നു.

നികുതിവരുമാനം ഇടിഞ്ഞതിന് തടയിടാനായി രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) നിലവിലെ 20ൽ നിന്ന് 22 ശതമാനമാക്കാൻ റഷ്യൻ ധനമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. അടുത്തവർഷം മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഉപരോധം മൂലം പരമ്പരാഗത എണ്ണ ഉപഭോക്താക്കളെ നഷ്ടപ്പെട്ടതിനാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും തുർക്കിക്കും മറ്റും ഡിസ്കൗണ്ട് നിരക്കിലാണ് ഇപ്പോൾ റഷ്യ ക്രൂഡ് ഓയിൽ ലഭ്യമാക്കുന്നത്. 

എണ്ണ റിഫൈനറികളുടെ പ്രവർത്തനം നിലയ്ക്കുന്നത് ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ്, ഇത്തരത്തിൽ ഡിസ്കൗണ്ട് നൽകി റഷ്യ എണ്ണ വിതരണം തുടരുന്നത്. ഇതുപക്ഷേ, വരുമാനത്തെ സാരമായി ബാധിച്ചു. ഒക്ടോബറിൽ 27 ശതമാനമാണ് വരുമാനത്തിലെ ഇടിവ്. 2025ന്റെ ആദ്യ 10 മാസത്തിൽ വരുമാനം മുൻവർഷത്തെ സമാനകാലത്തെ 9.54 ട്രില്യൻ റൂബിളിൽനിന്ന് 7.5 ട്രില്യനിലേക്കും ഇടിഞ്ഞു. 

യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച പുത്തൻ ഉപരോധം റഷ്യയുടെ കടൽവഴിയുള്ള എണ്ണവിതരണത്തിന്റെ 70 ശതമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇതിനിടെ എണ്ണവില ഇടിഞ്ഞതും തിരിച്ചടിയായി. ഒക്ടോബറിൽ വില ബാരലിന് 70 ഡോളറായിരിക്കുമെന്നായിരുന്നു റഷ്യൻ സാമ്പത്തിക വികസന മന്ത്രാലയം നേരത്തേ വിലയിരുത്തിയിരുന്നത്. ഇതു പിന്നീട് 56 ഡോളറിലേക്ക് കുറച്ചു. എന്നാൽ, ഒക്ടോബറിൽ ശരാശരി വില 53.99 ഡോളർ മാത്രമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments