കരോലിന: യു.എസില്‍ സംഹാരതാണ്ഡവമാടിയ ഹെലന്‍ ചുഴലിക്കാറ്റില്‍ മരണ സംഖ്യ 166 ആയി. കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. വിനാശകരമായ ചുഴലിക്കാറ്റ് ബാധിച്ച മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു ദശലക്ഷത്തിലധികം ആളുകള്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നു.
ഈ ആഴ്ച ആദ്യം ബണ്‍കോംബ് കൗണ്ടിയില്‍ നൂറുകണക്കിന് ആളുകളെയും ടെന്നസിയില്‍ 85 പേരെയും കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചുഴലിക്കാറ്റ് മുറിപ്പെടുത്തിയ നോര്‍ത്ത്, സൗത്ത് കരോലിന പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച ഉച്ചയോടെ സൗത്ത് കരോലിനയിലെ ഗ്രീറില്‍ എത്തിയ ജോ ബൈഡനെ സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍, സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം, നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ എന്നിവരും സന്ദര്‍ശിച്ചു.
ബൈഡന്‍ തന്റെ മറൈന്‍ വണ്‍ ഹെലികോപ്റ്ററിലാണ് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകള്‍, കടപുഴകിയ മരങ്ങള്‍, അവശിഷ്ടങ്ങള്‍, വീണുപോയ വൈദ്യുതി ലൈനുകള്‍ എന്നിവയ്ക്ക് മുകളിലൂടെ ബൈഡന്റെ ഹെലികോപ്ടര്‍ പറന്നു. ചില പ്രദേശങ്ങളില്‍ വീടുകള്‍ ഭാഗികമായി വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തടാകവും കരയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമായിരുന്നു.
അതേസമയം, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ബുധനാഴ്ച ജോര്‍ജിയയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വരും ദിവസങ്ങളില്‍ അവര്‍ നോര്‍ത്ത് കരോലിന സന്ദര്‍ശിക്കും. ഈ ആഴ്ചയുടെ തുടക്കത്തില്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ജോര്‍ജിയയിലേക്ക് പോയിരുന്നു.