ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും അതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പൊലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ട്. ശ്രീനഗർ ഭരണകൂടത്തിലെ ഒരു നായിബ് തഹസിൽദാർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരും സ്ഫോടനത്തിൽ മരിച്ചു. പരിക്കേറ്റവരെ ഇന്ത്യൻ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിലേക്കും ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും എത്തിച്ചു.
പ്രദേശത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്ററുകൾ നൗഗാം പൊലീസ് കണ്ടെത്തിയിരുന്നു. തീവ്രവാദികളായ ഉന്നത യോഗ്യതയുള്ള പ്രൊഫഷണലുകൾ ഉൾപ്പെട്ട ഭീകര സംഘടനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഈ പോസ്റ്ററുകൾ വഴിയുള്ള അന്വേഷണത്തിലൂടെ കഴിഞ്ഞിരുന്നു. ഈ കണ്ടെത്തൽ വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുന്നതിലേക്കും തീവ്രവാദികളായ നിരവധി ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിലേക്കും നയിച്ചു. അത്തരത്തിൽ ഒക്ടോബറിൽ, അറസ്റ്റിലായ ഡോക്ടർമാരിൽ ഒരാളായ അദീൽ അഹമ്മദ് റാത്തറിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളാണ് ഇന്നലെ രാത്രി പൊട്ടിത്തെറിച്ചത്.
ജിയാഷ് പോസ്റ്ററുകൾ പതിച്ച പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ ജോലി ചെയ്തിരുന്ന റാത്തറെ അവർ തിരിച്ചറിഞ്ഞത്. താമസിയാതെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഇയാളുടെ ലോക്കറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനിടെയാണ്, ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടറായ മുസമ്മിൽ ഷക്കീലിന്റെ പേരും പുറത്തുവന്നു. ഷക്കീലുമായി ബന്ധപ്പെട്ട വീടുകളിൽ നടത്തിയ റെയ്ഡിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസിന്റെ സംയുക്ത സംഘം ഏകദേശം 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തു. ഷക്കീലിന്റെ അറസ്റ്റിനെ തുടർന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായി, അതേ സർവകലാശാലയിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഡോക്ടറായ ഷഹീൻ സയീദിനെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
ഈ അറസ്റ്റുകൾക്ക് മണിക്കൂറുകൾക്ക് ശേഷമാണ്, ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ റോഡിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഇതിൽ 13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിനു പിന്നിൽ പിടിയിലായവരുടെ കൂട്ടാളിയായ മറ്റൊരു ഡോക്ടറായ ഉമർ നബിയായിരുന്നു. ഇയാളും സ്ഫോടനത്തിൽ മരിച്ചിരുന്നു. സ്ഫോടനം നടന്ന ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് ഇയാളായിരുന്നു

