Friday, December 5, 2025
HomeNewsആയുധ കച്ചവടത്തിൽ അമേരിക്കൻ കമ്പനികൾക്ക് കോടികൾ; ഗസ്സ ആക്രമണത്തിനുള്ള കണക്കുകൾ പുറത്ത്

ആയുധ കച്ചവടത്തിൽ അമേരിക്കൻ കമ്പനികൾക്ക് കോടികൾ; ഗസ്സ ആക്രമണത്തിനുള്ള കണക്കുകൾ പുറത്ത്

വാഷിങ്ടൺ: രണ്ട് വർഷത്തിലേറെയായി ഗസ്സയിൽ തുടരുന്ന ഇസ്രായേൽ നരനായാട്ടിൽ ഏറ്റവും കൂടുതൽ ലാഭം നേടിയത് അമേരിക്കൻ കുത്തക കമ്പനികൾ. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടത്തിലൂടെയാണ് പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ആക്രമണം തുടങ്ങിയ ശേഷം യു.എസിൽനിന്നുള്ള ആയുധ ഇറക്കുമതി കുതിച്ചുയർന്നു. ആയുധക്കച്ചവടത്തിലൂടെ ബോയിങ്, നോർത്ത് റോപ് ഗ്രുമ്മാൻ, കാറ്റർപില്ലർ തുടങ്ങിയ നിരവധി വൻകിട കമ്പനികളാണ് കോടികൾ സമ്പാദിച്ചത്.

2023 ഒക്ടോബർ എട്ടിനാണ് ഇസ്രായേൽ ഗസ്സക്കെതിരെ കനത്ത ആക്രമണം തുടങ്ങിയത്. അന്ന് മുതൽ 32 ബില്ല്യൻ ഡോളർ അതായത് 2.84 ലക്ഷം കോടി രൂപയുടെ ആയുധങ്ങളാണ് ഇസ്രായേൽ സൈന്യത്തിന് യു.എസ് വിറ്റത്. യു.എസി​ന്റെ ആഭ്യന്തര വകുപ്പ് രേഖകൾ പരിശോധിച്ച് പ്രമുഖ പത്രമായ വാൾ സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഇസ്രായേൽ വംശഹത്യയിൽ സ്ത്രീകളും കുട്ടികളുമടക്കം 68,000 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ഗസ്സ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിൽ 18,000 ലേറെ കുട്ടികളാണ്. എന്നാൽ, അനൗദ്യോഗിക കണക്ക് പ്രകാരം ​ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ എണ്ണം ഒരു ലക്ഷത്തിലേറെ വരും.

ഇസ്രായേലിന്റെ ബോംബിങ്ങിൽ ഗസ്സയുടെ ഭൂരിഭാഗം ഭൂപ്രദേശവും വാസയോഗ്യമല്ലാതായി. പട്ടിണിയും രോഗങ്ങളും ഫലസ്തീനികളുടെ ദുരിതം ഇരട്ടിയാക്കി. ഗസ്സക്ക് പുറമെ, ലബനാൻ, യമൻ, ഇറാൻ, സിറിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് ഇസ്രായേൽ യുദ്ധം നീണ്ടു. അറബ് മേഖലയുടെ രാഷ്ട്രീയ സമവാക്യം പോലും മാറ്റിമറിച്ചതായിരുന്നു ഇസ്രായേൽ ക്രൂരത.

അമേരിക്കൻ ആയുധ കമ്പനികൾക്കും ടെക് കമ്പനികൾക്കുമാണ് ഇസ്രായേൽ ആക്രമണം വൻ കച്ചവട അവസരം നൽകിയത്. ഓരോ വർഷവും 3.3 ബില്ല്യൻ ഡോളർ അതായത് 29,301 കോടി രൂപ ഇസ്രായേലിന് സൈനിക സഹായമായി യു.എസ് നൽകുന്നുണ്ട്. ഈ സഹായം കഴിഞ്ഞ വർഷം ഇരട്ടിയായി 6.8 ബില്ല്യൻ ഡോളറായി (60,357 കോടി രൂപ) വർധിച്ചു. ഈ സാമ്പത്തിക സഹായത്തിന് പുറമെ മറ്റു പല തരത്തിലും ഇസ്രായേൽ സൈന്യത്തിന് യു.എസ് പിന്തുണ നൽകുന്നുണ്ട്.

ഗസ്സ ആക്രമണം തുടങ്ങിയ ശേഷം ഇസ്രായേലുമായി ഏറ്റവും കൂടുതൽ ആയുധ കച്ചവടം നടത്തിയത് യു.എസിലെ ബോയിങ്ങാണ്. 18.8 ബില്ല്യൻ ഡോളർ അതായാത് 166,865 ​കോടി രൂപയുടെ എഫ്-15 യുദ്ധ വിമാനങ്ങളാണ് ബോയിങ് ഇസ്രായേലിന് വിറ്റത്. കഴിഞ്ഞ വർഷം യു.എസ് സർക്കാർ അനുമതി നൽകിയ കരാറിലൂടെ ഇസ്രായേലിന് 2029 വരെ യുദ്ധ വിമാനങ്ങൾ ലഭിക്കും. ഈ വർഷം ഗൈഡഡ് ബോംബുകളും മറ്റും വിതരണം ചെയ്യാൻ 7.9 ​ബില്ല്യൻ ഡോളറിന്റെ (70,084 കോടി രൂപ) കരാറിലും ഒപ്പിട്ടുണ്ട്. പത്ത് വർഷത്തേക്ക് ​ആയുധങ്ങൾ വാങ്ങാൻ 2018ൽ ബോയിങ്ങിന് 10 ബില്ല്യൻ ഡോളറാണ് ഇസ്രായേൽ നൽകിയത്. ആയുധം നിർമിച്ചു നൽകാൻ ബോയിങ്ങിന് ലഭിച്ച 74 ബില്യൻ ഡോളറിന്റെ (6.56 ലക്ഷം കോടി രൂപ) ഓർഡറുകളിൽ ഭൂരിഭാഗവും ഇസ്രായേലിന്റെതാണ്.

നോർത്റോപ് ഗ്രുമ്മാനിൽനിന്ന് ജെറ്റ് യുദ്ധ വിമാനങ്ങൾക്കുള്ള സ്​പെയർ പാർട്സുകളും ലോക്ഹീഡ് മാർട്ടിനിൽനിന്ന് അതിശക്തിയുള്ള പ്രിസിഷൻ മിസൈലുകളും ജനറൽ ഡൈനാമിക്സിൽനിന്ന് 120 എം.എം വലിപ്പമുള്ള ഷെല്ലുകളുമാണ് ഇസ്രായേൽ വാങ്ങിക്കൂട്ടിയത്.കരയുദ്ധത്തേക്കാൾ വ്യോമാക്രമണങ്ങൾക്കാണ് ഇസ്രായേൽ പ്രാധാന്യം നൽകിയിരുന്നത്. അതിനാൽ ബുൾഡോസറുകൾ, ടാങ്ക് ഷെല്ലുകൾ, സൈനിക ഗതാഗത വാഹനങ്ങൾ എന്നിവയെക്കാൾ കൂടുതൽ ജെറ്റ് യുദ്ധവിമാനങ്ങൾക്കും എയർബോൺ ഗൈഡഡ് ബോംബുകളുമാണ് ചെലവഴിച്ചത്.

ഗസയിലുടനീളം ഇസ്രായേൽ ഉപയോഗിക്കുന്ന ഈറ്റാൻ കവചിത യുദ്ധ വാഹനങ്ങളുടെ പ്രധാന ഭാഗം നിർമിച്ചിരിക്കുന്നത് വിസ്കോൺസിൻ ആസ്ഥാനമായ ഓഷ്കോഷ് കോർപറേഷനാണ്. എഞ്ചിൻ നൽകിയിരിക്കുന്നത് റോൾസ് റോയ്‌സിന്റെ മിഷിഗണിലെ യൂനിറ്റാണ്. കാറ്റർപില്ലർ കമ്പനിയുടെ ഡി-9 കവചിത ബുൾഡോസർ ഉപയോഗിച്ചാണ് ഗസയിലെ ആയിരക്കണക്കിന് വീടുകളും അപാർട്ട്മെന്റുകളും തകർത്തത്.ഇസ്രായേൽ സൈന്യത്തിന് ആയുധം നൽകുന്നതിന്റെ പേരിൽ നിരവധി കമ്പനികൾ നിക്ഷേപകരിൽനിന്നും ജീവനക്കാരിൽനിന്നും വൻ പ്രതിഷേധം നേരിട്ടിരുന്നു.

ഓഷ്കോഷ്, പാലന്റിർ ടെക്നോളജീസ്, കാറ്റർപില്ലർ, തൈസെൻക്രുപ്പ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മൂന്ന് നോർവീജിയൻ നിക്ഷേപ ഫണ്ടുകൾ വിറ്റൊഴിവാക്കി. കാറ്റർപില്ലറിന്റെ 387 മില്യൺ യൂറോയുടെ അതായത് 36,185 കോടി രൂപയുടെ ഓഹരികളാണ് ഒക്ടോബറിൽ നെതർലൻഡ്‌സിലെ ഏറ്റവും വലിയ ഡച്ച് പെൻഷൻ ഫണ്ടായ എ.ബി.പി വിറ്റത്.ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് നൽകിയ ക്ലൗഡ് സേവനങ്ങൾ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പാണ് ഇസ്രായേൽ സൈന്യത്തിന് എ.ഐ സാ​ങ്കേതിക വിദ്യയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങളും നൽകാനായി ക്രോസോഫ്റ്റും ഗൂഗിളും ആമസോണും കരാറുകളിൽ ഏർപ്പെട്ടിരുന്നത്.

എ.ഐ രംഗത്തെ ഭീമൻ കമ്പനിയായ പലന്റിർ ടെക്നോളജീസ് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇസ്രായേൽ സൈന്യവുമായി സഹകരണം തുടങ്ങിയത്. പലന്റിർ വികസിപ്പിച്ച സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇസ്രായേൽ ഫലസ്തീനികളെ കൊന്നൊടുക്കുന്നതെന്ന് ഈ വർഷം മേയിൽ നടന്ന ഒരു പരിപാടിയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഭീകരവാദികളാണെന്നാണ് കമ്പനിയുടെ ചീഫ് എക്സികുട്ടിവ് അലക്സ് കാർപ് മറുപടി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments