ന്യൂഡല്‍ഹി : തെരുവനായകളെ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ സുപ്രീംകോടതിപോലും നിലപാട് ശക്തമാക്കിയിരിക്കെ അതേ തെരുവു നായ്ക്കള്‍ തന്റെ ജീവിതം തകര്‍ത്തെന്ന് കാട്ടി 41 കാരന്‍ കോടതിയില്‍. ഭാര്യ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും അതുമൂലം താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്നും അഹമ്മദാബാദില്‍ നിന്നുള്ള യുവാവ് പറയുന്നു.
2006 ലാണ് ദമ്പതികള്‍ വിവാഹിതരായത്. ഭാര്യ ഒരു തെരുവ് നായയെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പിന്നീട് അവര്‍ കൂടുതല്‍ തെരുവ് നായകളെ കൊണ്ടുവന്നു. പാചകം ചെയ്യാനും വൃത്തിയാക്കാനും പരിപാലിക്കാനും തന്നെയും നിര്‍ബന്ധിച്ചു. താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു നായ തന്നെ കടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ഈ നീക്കങ്ങളിലെല്ലാം താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും വീടുമുഴുവന്‍ നായ്ക്കളായതിനാല്‍ അയല്‍ക്കാര്‍ പോലും വരാതായെന്നും അദ്ദേഹം പറയുന്നു.
2017ല്‍ അഹമ്മദാബാദ് കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. 2024 ഫെബ്രുവരിയില്‍ കുടുംബ കോടതി ഹര്‍ജി തള്ളിക്കളഞ്ഞു, എന്നാല്‍ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നല്‍കാമെന്നും കാണിച്ച് ഭര്‍ത്താവ് അപ്പീല്‍ നല്‍കുകയായിരുന്നു. ഭാര്യയുടെ തെരുവു നായ സ്‌നേഹം കാരണം തനിക്കുണ്ടായ സമ്മര്‍ദ്ദം തന്റെ ആരോഗ്യം നശിപ്പിച്ചതായും ഉദ്ധാരണക്കുറവിന് കാരണമായതായും അദ്ദേഹം അവകാശപ്പെട്ടു.

