കുടിയേറ്റക്കാരായ 17,000 ഡ്രൈവർമാരുടെ വാണിജ്യ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടിയുമായി കാലിഫോർണിയ. സെമിട്രക്കുകൾ, ബസുകൾ എന്നിവ ഓടിക്കുന്ന ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ വർധിക്കുന്നതിനെ കുറിച്ച് ട്രംപ് ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ ഡ്രൈവർമാരുടെ റെസിഡൻസി കാലാവധി അവസാനിച്ചത് കൊണ്ടാണ് ലൈസൻസുകൾ റദ്ദാക്കാനൊരുങ്ങുന്നതെന്ന് കാലിഫോർണിയയിലെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ടേഷൻ ഏജൻസി അറിയിച്ചു.
ഈയിടെ ഇന്ത്യൻ വംശജനായ ജഹാൻപ്രീത് ഓടിച്ച ട്രെക്കിടിച്ച് മൂന്ന് പേർ മരണപ്പെട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയതാണെന്നും അപകട സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായി ലൈസൻസുകൾ സ്വീകരിക്കുന്നതിനെതിരെ യു.എസിൽ ആശങ്കകളുണ്ട്. അപകടത്തെ തുടർന്ന് യു.എസിലുടനീളം നടത്തിയ പരിശോധയിലാണ് 17,000 പേരുടെ റെസിഡൻസി കാലാവധി കഴിഞ്ഞതായി സ്ഥിരീകരിച്ചത്.
ഇതിനിടെ കാലിഫോർണിയയിലെ മുൻകാല ലൈസൻസിങ് മാനദണ്ഡങ്ങളെ വിമർശിച്ചു കൊണ്ട് യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി രംഗത്തുവന്നിരുന്നു. തുടരെയുള്ള വാഹനാപകടങ്ങളെ കുറിച്ച് ഗതാഗത മന്ത്രി ഉന്നയിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. ടെക്സസിലും അലബാമയിലും നടന്ന ട്രക്ക് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കാലിഫോർണിയിലെ ലൈസൻസിങ് മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നു. കാലിഫോർണിയയും മറ്റ് അഞ്ച് സംസ്ഥാനങ്ങളും പൗരന്മാരല്ലാത്തവർക്ക് വാണിജ്യ ലൈസൻസ് നൽകിയതാണ് വീഴ്ചക്ക് കാരണമെന്ന് ഡഫി തുടക്കത്തിലേ ആരോപിച്ചിരുന്നു. കാലിഫോർണിയക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലും പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ കാലിഫോർണിയയിലെ ട്രക്കുകളിൽ ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുന്നില്ലെന്ന് ആരോപിച്ച് ഫെഡറൽ ഫണ്ടിങ്ങിൽ നിന്ന് 40മില്യൺ ഡോളർ ഡഫി പിൻവലിച്ചിരുന്നു. കൂടാതെ നിയമവിരുദ്ധമായ ലൈസൻസുകൾ റദ്ദാക്കി ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ 160മില്യൺ ഡോളർ കൂടി പിൻവലിക്കുമെന്നും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെമി ട്രക്കുകളുടെയും ബസുകളുടെയും വലയത്തിൽ നിന്ന് മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുന്നതു വരെ തന്റെ ടീമിന് വിശ്രമില്ലെന്നും ഡഫി പറഞ്ഞു.
സെപ്റ്റംബറിൽ ഡഫി പ്രഖ്യാപിച്ച വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾക്കായുള്ള പുതിയ നിയമങ്ങൾ കുടിയേറ്റക്കാർക്ക് വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ ലഭിക്കുന്നതിന് പ്രയാസമായിരുന്നു. പുതിയ നിയമങ്ങൾ പ്രകാരം H-2a, H-2b, E-2 എന്നീ വിസയുള്ള ഡ്രൈവർമാർക്ക് മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. H-2a താൽക്കാലിക കാർഷിക തൊഴിലാളികൾക്കും, H-2B താൽക്കാലിക കാർഷികേതര തൊഴിലാളികൾക്കും, E-2 യു.എസിലെ ബിസിനസിൽ നിക്ഷേപം നടത്തുന്നവർക്കുമുള്ളതാണ്.

