Friday, January 23, 2026
HomeAmericaമെറ്റയുടെ ചീഫ് എഐ ശാസ്ത്രജ്ഞൻ യാന്‍ ലേകുന്‍ കമ്പനി വിടുന്നു

മെറ്റയുടെ ചീഫ് എഐ ശാസ്ത്രജ്ഞൻ യാന്‍ ലേകുന്‍ കമ്പനി വിടുന്നു

ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായ യാന്‍ ലേകുന്‍ മെറ്റ വിടുന്നു. മെറ്റയുടെ ചീഫ് എഐ ശാസ്ത്രജ്ഞനാണ് അദ്ദേഹം. സ്വന്തമായി എഐ സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാന്‍ മെറ്റയുടെ പടിയിറങ്ങുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പര്‍ ഇന്റലിജന്‍സ് ലാബ് എന്ന പേരില്‍ പുതിയ നേതൃത്വത്തിന് കീഴില്‍ എഐ ദൗത്യങ്ങള്‍ മെറ്റ പുനക്രമീകരിക്കുകയും എഐ രംഗത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള വമ്പന്‍ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനിടെയാണ് പ്രധാന വ്യക്തികളിലൊരാള്‍ പോവുന്നത്.

ഡീപ്പ് ലേണിങ് രംഗത്തെ സംഭാവനകള്‍ക്ക് 2018-ലെ ടുറിങ് പുരസ്‌കാര ജേതാവാണ് ലേകുന്‍. 2013 മുതല്‍ മെറ്റയുടെ ഫണ്ടമെന്റല്‍ എഐ റിസര്‍ച്ച് ലാബിന് നേതൃത്വം നല്‍കുന്നത് ലേകുന്‍ ആണ്. തന്റെ പുതിയ സ്റ്റാര്‍ട്ട്അപ്പിനായുള്ള പ്രാരംഭ ചര്‍ച്ചകളിലാണ് അദ്ദേഹമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്പ്‌മൈന്‍ഡ് ഉള്‍പ്പടെ ലോകത്തെ മുന്‍നിര എഐ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദരെ കൊണ്ടുവന്നാണ് സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സ് എന്ന പേരില്‍ വലിയൊരു വിഭാഗത്തിന് മെറ്റ രൂപം നല്‍കിയത്. അതുവരെ മെറ്റയുടെ എഐ അധിഷ്ഠിത ജോലികള്‍ നടന്നിരുന്നത് യാന്‍ ലേകുനിന്റെ നേതൃത്വത്തിലുള്ള ഫണ്ടമെന്റല്‍ എഐ റിസര്‍ച്ച് ലാബിന് കീഴിലായിരുന്നു.

ഡാറ്റ ലേബലിങ് സ്റ്റാര്‍ട്ടപ്പായ സ്‌കെയില്‍ എഐയുടെ മുന്‍ സിഇഒ അലക്‌സാണ്ടര്‍ വാങിനെയാണ് പുതിയ ചീഫ് എഐ ഓഫിസറായി സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സിന്റെ നേതൃത്വത്തിനായി ചുമതലപ്പെടുത്തിയത്. തത്ഫലമായി അതുവരെ കമ്പനിയുടെ എഐ ദൗത്യങ്ങളുടെ ആകെ ചുമതലയുണ്ടായിരുന്ന ലേകുന്‍ അലക്‌സാണ്ടര്‍ വാങ്ങിന് കീഴിലായി. എന്നാല്‍ ഈ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് കാരണം എന്ന് വ്യക്തമല്ല.

ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് മെറ്റ എഐ വിദഗ്ദരെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മെറ്റയുടെ വാഗ്ദാനങ്ങള്‍ നിരസിച്ചവരും അക്കൂട്ടത്തിലുണ്ട്. സമയബന്ധിതമായി എഐ ഉത്പന്നങ്ങള്‍ പുറത്തിറക്കാനുള്ള മെറ്റയുടെ പദ്ധതികളോട് താത്പര്യം കാണിക്കാത്ത എഐ വിദഗ്ദര്‍, പകരം എഐ രംഗത്തെ അടിസ്ഥാനമുന്നേറ്റങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളിലേക്ക് തിരിയുകയാണ്. മെറ്റ വിട്ട് സ്വന്തം സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ലേകുന്‍ ഒരുങ്ങുന്നതും അതിനൊരു ഉദാഹരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments