യുഎസിൽ ഈ സീസണിലെ ആദ്യ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. മിഡ്‌വെസ്റ്റിൽ നിന്ന് നോർത്ത്‌ഈസ്റ്റിലേക്കും ദക്ഷിണ ഭാഗങ്ങളിലേക്കും വ്യാപിച്ച കനത്ത മഞ്ഞുവീഴ്ചയും തണുപ്പും കാറ്റും ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു. ഇൻഡ്യാന, ഇലിനോയി, വിസ്‌കോൺസിൻ, മിഷിഗൺ സംസ്ഥാനങ്ങളിൽ ചില പ്രദേശങ്ങളിൽ ഒരു അടിയിൽ കൂടുതൽ മഞ്ഞുവീണു. സഹായത്തിനായി നൂറുകണക്കിന് കോൾ ലഭിച്ചതായി ഇൻഡ്യാന സ്റ്റേറ്റ് പൊലീസ് അറിയിച്ചു.
ടെന്നസിയിലെ നാഷ്‌വിലും സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ചിലും പോലും മഞ്ഞുവീഴ്ച ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച മഞ്ഞുവീഴ്ച കിഴക്കോട്ട് നീങ്ങി ന്യൂയോർക്കിലെ ബഫലോ, സിറാക്യൂസ്, പെൻസിൽവേനിയയിലെ ഹൈഡ്ടൗൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വ്യാപിച്ചു. ഹൈഡ്ടൗണിൽ 12 ഇഞ്ചിലധികം മഞ്ഞുവീണു. സിറാക്യൂസിനടുത്തുള്ള ന്യൂയോർക്കിലെ സെൻട്രൽ സ്‌ക്വയറിൽ 11 ഇഞ്ചും മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
ന്യൂയോർക്ക് സിറ്റിയിലും ചൊവ്വാഴ്ച നേരിയ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ശക്തമായ കാറ്റും മഞ്ഞും മൂലം ദൃശ്യമാനത കുറയാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബഫലോ ഉൾപ്പെടെ പടിഞ്ഞാറൻ ന്യൂയോർക്കിലും വടക്കൻ ന്യൂ ഇംഗ്ലണ്ടിലുമായി ബുധനാഴ്ച വരെ മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
അതേസമയം, കടുത്ത തണുപ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ദക്ഷിണ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ടെന്നസിയിലെ നോക്‌സ്വിൽ മുതൽ ഫ്‌ളോറിഡാ കീസുവരെ നിരവധി നഗരങ്ങളിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി. ബുധനാഴ്ചയും തണുപ്പ് തുടരുമെന്നാണ് റിപ്പോർട്ട്. ജാക്‌സൺവില്ലിൽ 34°F, ചാർല്സ്റ്റണിൽ 36°F, അറ്റ്ലാന്റയിൽ 30°F, നാഷ്‌വിൽ 35°F, ചാർലറ്റിൽ 29°F എന്നിങ്ങനെയായിരിക്കും താപനില.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ താപനിലയും 20–30 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

