തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറുമായ എൻ. വാസു അറസ്റ്റിൽ. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിൽ മൂന്നാം പ്രതിയാണ്.ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വാസുവിനെ അറസ്റ്റ് ചെയ്തത്. വാസു ദേവസ്വം കമീഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാസുവിന്‍റെ അറസ്റ്റ്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് സുധീഷ് കുമാർ, മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൈദ്യ പരിശോധനക്കു വിധേയനാക്കിയശേഷം വാസുവിനെ റാന്നി കോടതിയിൽ ഹാജരാക്കും.രണ്ടു തവണ ദേവസ്വം കമീഷണറായിരുന്നു. എല്ലാം വാസു അറിഞ്ഞുകൊണ്ടാണെന്നാണ് മുരാരി ബാബുവും സുധീഷും മൊഴി നൽകിയിരിക്കുന്നത്. കേസിലെ പ്രതികളുടെ മുൻകാല പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.

