ഭോപാൽ : പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ‘ശിക്ഷ’ വിധിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ. രാഹുലിന് മാത്രമല്ല, പരിശീലന പരിപാടിക്ക് വൈകിയെത്തിയ ജില്ലാ അധ്യക്ഷനുൾപ്പെടെ പത്ത് തവണ പുഷ് അപ് ചെയ്യാനുള്ള ‘ശിക്ഷ’ നൽകി. മധ്യപ്രദേശിലെ പച്മർഹിയിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുൽ ‘സംഘടൻ ശ്രീജൻ അഭിയാൻ’ പരിപാടിക്ക് എത്തിയത്. ഇതിനിടെ വിവിധ ഇടങ്ങളിൽനിന്ന് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ എത്തിയിരുന്നു. വൈകിയെത്തിയ രാഹുലിനോട്, വൈകി വരുന്നവർക്ക് ശിക്ഷാ നടപടി ഉണ്ടെന്ന കാര്യം പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു അറിയിച്ചു. താൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നായി രാഹുൽ. എങ്കിൽ പത്ത് പുഷ് അപ് എടുത്തോളൂ എന്ന് സച്ചിൻ റാവുവും പറഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി പുഷ് അപ് എടുക്കുകയായിരുന്നു.
വെള്ള ടീ ഷർട്ടും പാന്റുമായിരുന്നു രാഹുലിന്റെ വേഷം. രാഹുൽ പുഷ് അപ് ചെയ്തതിന് പിന്നാലെ വൈകിയെത്തിയ മറ്റു നേതാക്കളും അത് അനുകരിച്ചു. മികച്ച പ്രതികരണമാണ് ജില്ലാ അധ്യക്ഷന്മാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പിന്നീട് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പച്മർഹിയിലും രാഹുൽ ആവർത്തിച്ചു. ഹരിയാന മോഡൽ ക്രമക്കേട് മധ്യപ്രദേശ് തെരഞ്ഞെടുപ്പിലും നടന്നെന്ന് രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിനെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തി. ബിഹാർ തിരഞ്ഞെടുപ്പിനിടയിലും രാഹുൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പരിഹാസം. ബിഹാർ തെരഞ്ഞെടുപ്പിനിടെ രാഹുൽ പച്മർഹിയിൽ ജംഗിൾ സഫാരി നടത്തുകയാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പുനെവാല എക്സിൽ കുറിച്ചു. ഇത് അദ്ദേഹത്തിന്‍റെ മുൻഗണന എന്താണെന്ന് കാണിക്കുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അദ്ദേഹം പവർ പോയിന്‍റ് പ്രസന്‍റേഷമുമായെത്തുന്നു. എന്നാൽ കോൺഗ്രസിന്‍റെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുമെന്നും പുനെവാല കുറ്റപ്പെടുത്തി.

