Friday, December 5, 2025
HomeAmericaഅടച്ചുപൂട്ടൽ പ്രതിസന്ധിക്കിടെ എയർട്രാഫിക് കൺട്രോളർമാരുടെ കൂട്ട അവധി: അമേരിക്കയിൽ വിമാന സർവീസുകൾ താറുമാറായി

അടച്ചുപൂട്ടൽ പ്രതിസന്ധിക്കിടെ എയർട്രാഫിക് കൺട്രോളർമാരുടെ കൂട്ട അവധി: അമേരിക്കയിൽ വിമാന സർവീസുകൾ താറുമാറായി

വാഷിങ്ടൺ: അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ താറുമാറായത്‌. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക്‌ പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്.

ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികൾ നിരവധി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. വെള്ളിയാഴ്ച 1,200-ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. അറ്റ്ലാന്റ, ഡെൻവർ, ന്യൂവാർക്ക്, ചിക്കാഗോ, ഹ്യൂസ്റ്റൺ, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 40 പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഇത് പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച മാത്രം അമേരിക്കൻ എയർലൈൻസ് ഏകദേശം 220 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഡെൽറ്റ ഏകദേശം 170 വിമാന സർവീസുകളും, സൗത്ത് വെസ്റ്റിൽ ഏകദേശം 100 വിമാന സർവീസുകളും റദ്ദാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയറും ആയിരക്കണക്കിന് വിമാന സർവീസുകൾ വൈകിയതായി റിപ്പോർട്ട് ചെയ്തു, ബോസ്റ്റൺ, ചിക്കാഗോ ഒ’ഹെയർ, അറ്റ്ലാന്റ, റീഗൻ നാഷണൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒരു മണിക്കൂറിലേറെ വൈകിയാണ് നടന്നത്. അതേസമയം വിമാന ടിക്കറ്റ് നിരക്കും കുത്തനെ വർധിച്ചിട്ടുണ്ട്. നാല് ശതമാനത്തിൽ നിന്ന് ആരംഭിച്ച വിമാന നിരക്കുകൾ അടുത്ത ആഴ്ചയോടെ 10 ശതമാനമായി ഉയരും. അന്താരാഷ്ട്ര വിമാന സർവീസുകളെ പ്രതിസന്ധി വലിയ തോതിൽ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഭരണ സ്‌തംഭനം 39-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം പ്രശ്ന പരിഹാരത്തിന് മോക്രാറ്റുകൾ അവതരിപ്പിച്ച നിർദേശം റിപ്പബ്ലിക്കൻ നേതൃത്വം തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments