ന്യൂയോർക്ക് : വ്യാപാര കരാർ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നൽകിയാണ് ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മേയിൽ നടന്ന യുദ്ധം അവസാനിപ്പിച്ചതെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. മേയ് 7ന് ആരംഭിച്ച് 10ന് അവസാനിച്ച സംഘർഷത്തിൽ 7 അല്ല, 8 വിമാനങ്ങൾ വെടിവച്ചിട്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ 7 വിമാനങ്ങൾ വെടിവച്ചിട്ടെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
യുദ്ധം നിർത്തിയില്ലെങ്കിൽ വ്യാപാരക്കരാറുകൾ റദ്ദാക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്നുതന്നെ ഇരുകൂട്ടരും വിളിച്ച് സമാധാനത്തിലെത്തി എന്ന് അറിയിച്ചെന്നും ഫ്ലോറിഡയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ ട്രംപ് പറഞ്ഞു. ട്രംപ് അവകാശവാദം ഉന്നയിക്കുന്നത് 58–ാം തവണയായിട്ടും മോദി സർക്കാർ അതു നിഷേധിക്കുന്നില്ലെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ഡൽഹിയിൽ പ്രതികരിച്ചു.

