തിരുവനന്തപുരം: ബംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ഷെഡ്യൂൾ പുറത്ത്. അടുത്തയാഴ്ച വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. രാവിലെ 5.10ന് കെ.എസ്.ആർ ബംഗളൂരുവിൽ നിന്ന് സർവീസ് തുടങ്ങുന്ന വന്ദേഭാരത് ഉച്ചക്ക് 1.50ന് എറണാകുളത്ത് എത്തും. അവിടെ നിന്ന് ഉചക്ക് ശേഷം 2.20ന് പുറപ്പെട്ട് രാത്രി 11.00ന് ബംഗളൂരുവിൽ എത്തും. കേരളത്തിൽ രണ്ട് സ്റ്റോപ്പുകളാവും വന്ദേഭാരതിനുണ്ടാവുക.
തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ. ഇതുകൂടാതെ കോയമ്പത്തൂർ, ഇറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവടങ്ങളിലും സ്റ്റോപ്പുണ്ടാകും. എട്ട് മണിക്കൂർ 40 മിനിറ്റ് കൊണ്ട് ഓടിയെത്തുന്ന വന്ദേഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ആണ്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. പ്രധാനമന്ത്രി ഓൺലൈനായിട്ടാകും വന്ദേഭാരത് സർവീസ് ഉദ്ഘാടനം ചെയ്യുക.

