തിരുവനന്തപുരം കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മുറുക്കി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. മുൻ എം എൽ എ കെഎസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കുന്നതടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. യുഡിഎഫ് കോർപ്പറേഷൻ പിടിക്കുമെന്ന് പ്രഖ്യാപനവേളയിൽ കെ മുരളീധരൻ ഉറപ്പിച്ചു പറഞ്ഞു. നാളെ മുതൽ പ്രചാരണ ജാഥകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
30 വർഷമായി കൗൺസിലറായ ജോൺസൺ ജോസഫ് (ഉള്ളൂർ), കെഎസ്‌യു വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുൻ കൗൺസിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാർ (കഴക്കൂട്ടം) തുടങ്ങിയ പ്രമുഖരടങ്ങുന്ന പട്ടികയാണ് വാർഡ് തല തീരുമാനപ്രകാരം പ്രഖ്യാപിച്ചത്. ആശാ സമരത്തിൽ പങ്കെടുത്ത എസ്ബി രാജി കാച്ചാണി വാര്‍ഡിലും മുൻ എംപി എ ചാൾസിന്റെ മരുമകൾ എസ് ഷെർളി പായം വാര്‍ഡിലും മത്സരിക്കും. നഗരസഭ അഴിമതിക്കെതിരെ കുറ്റപത്രവുമായി കെ മുരളീധരൻ വാഹന പ്രചാരണ ജാഥ നയിക്കും; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ തവണ 86 സീറ്റുകളിൽ മത്സരിച്ച് 10 എണ്ണം നേടിയ കോൺഗ്രസ് ഇത്തവണ 51 സീറ്റുകളിലേക്ക് ലക്ഷ്യമിടുന്നു. ഏകകണ്ഠമായ തീരുമാനമാണ് പട്ടികയെന്നും പോരായ്മകൾ അടുത്ത ഘട്ടത്തിൽ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ദീർഘകാലത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ 12 വരെ വാഹന ജാഥ തുടരും.

