ന്യൂഡല്‍ഹി : അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ അഥവാ ധാതു കാന്തങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന ലൈസന്‍സ് നല്‍കി. ഇവ ആഭ്യന്തര ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും യുഎസിലേക്ക് പുനര്‍കയറ്റുമതി ചെയ്യരുതെന്നും കര്‍ശന നിബന്ധനയും ചൈന മുന്നോട്ടുവെച്ചിട്ടുണ്ട്.മുമ്പ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന അപൂര്‍വ ധാതു കാന്തങ്ങളുടെ ഇറക്കുമതി ആറുമാസമായി ചൈന മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹനം, പുനരുപയോഗ ഊര്‍ജ്ജം, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വ്യവസായങ്ങള്‍ എന്നിവയ്‌ക്കൊക്കയാണ് അധികമായും ഉപയോഗിച്ചിരുന്നത്. ഇറക്കുമതി പുനരാരംഭിക്കുന്നതോടെ ഈ മേഖലകള്‍ക്ക് ആശ്വാസമാകും.
‘ചില ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിന്ന് അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ ലഭിച്ചു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യാഴാഴ്ച നടന്ന മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല. ഹിറ്റാച്ചി, കോണ്ടിനെന്റല്‍, ജയ് ഉഷിന്‍, ഡിഇ ഡയമണ്ട്‌സ് എന്നീ കമ്പനികളാണ് ഇറക്കുമതിക്ക് ചൈനീസ് അധികാരികളില്‍ നിന്ന് അനുമതി നേടിയിയതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കാന്തങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് വീണ്ടും കയറ്റുമതി ചെയ്യാനോ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ കഴിയില്ലെന്ന് ബീജിംഗ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള 50 ലധികം അപേക്ഷകള്‍ ചൈനയുടെ വാണിജ്യ മന്ത്രാലയത്തില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ അംഗീകാരങ്ങള്‍ എന്നതും ശ്രദ്ധേയം. ഇലക്ട്രിക് വാഹനങ്ങള്‍, ഡ്രോണുകള്‍, ബാറ്ററി സംഭരണ സംവിധാനങ്ങള്‍, മറ്റ് ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് അത്യാവശ്യമായ അപൂര്‍വ ധാതു കാന്തങ്ങള്‍ ഒരു തന്ത്രപരമായ വസ്തുവായി മാറിയിരിക്കുന്നു. ഈ കാന്തങ്ങളുടെ വ്യവസായത്തില്‍ ചൈനയ്ക്ക് ലോകമെമ്പാടും വലിയ ആധിപത്യമുണ്ട്.
ആഗോളതലത്തിലെ അപൂര്‍വ എര്‍ത്ത് ലോഹങ്ങളുടെ ഖനനത്തിന്റെ ഏകദേശം 70% ചൈന നിയന്ത്രിക്കുന്നു. കൂടാതെ, ലോകത്തിലെ അപൂര്‍വ എര്‍ത്ത് മാഗ്നറ്റ് ഉല്‍പാദനത്തിന്റെ ഏകദേശം 90% നിയന്ത്രിക്കുന്നതും ചൈനയാണ്.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നാല് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷത്തിന് ശേഷം ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ ഏറ്റവും പുതിയ നീക്കം.

