ഓക്ലാന്‍ഡ് : കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡ് മ്യൂസിയത്തില്‍ നടന്ന മോഷണത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മ്യൂസിയത്തിന്റെ ഒരു ഓഫ്-സൈറ്റ് സ്റ്റോറേജ് കേന്ദ്രത്തില്‍ ഒക്ടോബര്‍ 15 ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് ഓക്ലാന്‍ഡ് പൊലീസ് ബുധനാഴ്ച ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മ്യൂസിയത്തിന്റെ ശേഖരത്തില്‍ നിന്ന് ആയിരത്തിലധികം വസ്തുക്കളാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതെന്നും പൊലീസ് വ്യക്തമാക്കി.
മോഷ്ടിക്കപ്പെട്ടവയില്‍ ലോഹ ആഭരണങ്ങള്‍, ഗോള്‍ഡന്‍ സ്റ്റേറ്റിന്റെ കഥ പറയുന്ന അത്ലറ്റിക് ട്രോഫികള്‍ പോലുള്ള വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. മോഷ്ടിച്ച വസ്തുക്കളില്‍ അന്തരിച്ച കലാകാരിയും ലോഹപ്പണിക്കാരിയുമായ ഫ്‌ലോറന്‍സ് റെസ്‌നിക്കോഫിന്റെ ആഭരണങ്ങളും ഉള്‍പ്പെടുന്നു. ഇവയൊക്കെ ഫ്‌ലീ മാര്‍ക്കറ്റുകളിലോ പണയ കടകളിലോ വില്‍ക്കാനുള്ള ശ്രമം മോഷ്ടാക്കള്‍ നടത്തുമെന്നും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും പൊലീസ് പറയുന്നു.”അവ മ്യൂസിയത്തിന്റെ മാത്രം നഷ്ടമല്ല, അവ പൊതുജനങ്ങള്‍ക്കും നമ്മുടെ സമൂഹത്തിനും ഒരു നഷ്ടമാണ്, അവ തിരികെ കൊണ്ടുവരാന്‍ നമ്മുടെ സമൂഹത്തിന് ഞങ്ങളെ സഹായിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”- മ്യൂസിയം ഡയറക്ടര്‍ ലോറി ഫോഗാര്‍ട്ടി വ്യാഴാഴ്ച പറഞ്ഞു.
‘കെട്ടിടത്തിലേക്ക് കടക്കാന്‍ കള്ളന്മാര്‍ ഒരു വഴി കണ്ടെത്തിയെന്ന് ഞങ്ങള്‍ കരുതുന്നു, പെട്ടെന്ന് കണ്ണില്‍പ്പെട്ടവയെല്ലാം അവര്‍ കൈക്കലാക്കി കടന്നു,’ അവര്‍ പറഞ്ഞു.കാലിഫോര്‍ണിയയുടെ കല, ചരിത്രം, പ്രകൃതി പരിസ്ഥിതി എന്നിവ രേഖപ്പെടുത്തുക എന്നതാണ് ഓക്ക്ലാന്‍ഡ് മ്യൂസിയത്തിന്റെ ദൗത്യം. കൂടാതെ 18-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇന്നുവരെയുള്ള കാലിഫോര്‍ണിയന്‍ കലാകാരന്മാരുടെ കൃതികള്‍, പുരാവസ്തുക്കള്‍, ഫോട്ടോഗ്രാഫുകള്‍, പ്രകൃതി മാതൃകകള്‍, ശബ്ദ റെക്കോര്‍ഡിംഗുകള്‍ എന്നിവയും ഇവര്‍ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.
മോഷണം നടന്നിട്ട് രണ്ടാഴ്ച പിന്നിടുന്നതുകൊണ്ടുതന്നെ വസ്തുക്കളെല്ലാം ഇതിനകം വിറ്റുപോയിരിക്കാമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

