Friday, December 5, 2025
HomeSportsവനിത ഏകദിന ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ

വനിത ഏകദിന ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ

മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും. കന്നി ലോകകിരീടം തേടുന്ന വിമൻ ഇൻ ബ്ലൂവിന് നിലവിലെ ചാമ്പ്യന്മാരെ തോൽപിച്ച് കലാശക്കളിക്ക് യോഗ്യത നേടുകയെന്നത് വെല്ലുവിളിയാണ്. ലീഗ് റൗണ്ടിൽ അപരാജിതരായി 13 പോയന്റോടെ ഒന്നാംസ്ഥാനം നേടി സെമിയിലെത്തിയവരാണ് ഓസീസ്. ഇന്ത്യയാകട്ടെ, ഏഴ് കളികളിൽ ഏഴ് പോയന്റ് മാത്രം നേടി നാലാംസ്ഥാനക്കാരായി കടന്നുകൂടുകയായിരുന്നു. ഏഴ് തവണ ഏകദിന ലോക ചാമ്പ്യന്മാരായവരാണ് ആസ്ട്രേലിയ.

പരിക്കേറ്റ ഓപണർ പ്രതിക റാവലിന് പകരം ഷഫാലി വർമയെ ആതിഥേയ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്ററായി ഷഫാലി ഇടക്കാലത്ത് നിറംമങ്ങിയതോടെ ടീമിൽനിന്ന് പുറത്തായിരുന്നു. ഇന്ത്യ എ ടീമിനായി തകർപ്പൻ പ്രകടനം നടത്തിയാണ് ഷഫാലിയുടെ വരവ്. ഓപണർ സ്മൃതി മന്ദാനയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ക്യാപ്റ്റനും ഓപണിങ് ബാറ്ററുമായ അലീസ ഹീലി പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇന്ന് അലീസ ഇറങ്ങുമെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. ഇരു ടീമും ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നേടിയ 330 റൺസ് ഒരു ഓവർ ബാക്കിനിൽക്കെ, ചേസ് ചെയ്തു ആസ്ട്രേലിയ. അലീസ അന്ന് സെഞ്ച്വറിയുമായി കളിയിലെ താരമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments