അമേരിക്കയിലെത്തുന്ന വിദേശികൾക്കായി പുതിയ ബയോമെട്രിക് സംവിധാനം വഴി പ്രവേശനം ഒരുക്കാൻ യുഎസ് ഗവൺമെന്റ്. അമേരിക്കൻ പൗരത്വമില്ലാത്ത ഏതൊരു വ്യക്തിയ്ക്കും രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിലോ പുറത്ത് പോകണമെങ്കിലോ ബയോമെട്രിക് ചെക്കിംഗിന് വിധേയരാകേണ്ടി വരും.
ഫേഷ്യൽ റെക്കഗ്നിഷൻ(ഫേഷ്യൽ കംപാരിസൺ) എന്ന രീതിയാണ് പ്രാഥമിക ഘട്ടത്തിൽ ബയോമെട്രിക് എൻട്രിയുടെ ഭാഗമായി ഉണ്ടാവുക. വിമാനത്താവളം, തുറമുഖം, ചെക്ക്‌പോസ്റ്റുകൾ തുടങ്ങിയ എല്ലാ എൻട്രി പോയിന്റുകളിലും ലൈവായി ഫോട്ടോ എടുത്ത് മറ്റ് രേഖകളുമായി താരതമ്യം ചെയ്ത് പരിശോധിക്കുമെന്നാണ് പുതിയ നിയമാവലിയിൽ പറയുന്നത്.
വിരലടയാളം ഉപയോഗിച്ചുള്ള പരിശോധന ആവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുക്കുമെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഫെഡറൽ രജിസ്റ്ററിൽ ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രീൻ കാർഡ് ലഭിച്ചവർ, വിസയുള്ളവരുമടക്കം എല്ലാവരും ഓരോ തവണയും ഈ പരിശോധനയിലൂടെ കടന്നുപോകേണ്ടി വരും.
ഡിസംബർ 26 മുതലാണ് ബയോമെട്രിക് ഫേഷ്യൽ റെഗ്നിഷൻ പരിശോധന നിലവിൽ വരുന്നത്. വ്യാജ ഐഡിയുമായി എത്തുന്നവർ, അനധികൃതമായി എത്തിച്ചേരുന്നവർ, വിസ കാലാവധി കഴിഞ്ഞും തുടരുന്നവർ എന്നിങ്ങനെ വിവിധ തരത്തിലുള്ള നിയമവിരുദ്ധ കടന്നുകയറ്റങ്ങൾ തടയാൻ പുതിയ മാർഗത്തിലൂടെ സാധിക്കുമെന്നാണ് യുഎസ് സർക്കാരിന്റെ വാദം. കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് കൂടി ചേർന്നാണ് പുതിയ രീതി പ്രാബല്യത്തിൽ വരുത്തുന്നത്.

