തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുഖ്യ ഇടനിലക്കാരനായ കൽപേഷിന്റെ പ്രതികരണം പുറത്ത്. ചെന്നൈ സ്മാർട്ട് ക്രിയേഷനിൽ നിന്ന് പായ്ക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറി ഉടമക്ക് എത്തിച്ചു നൽകിയെന്നാണ് കൽപേഷ് പറയുന്നത്.
ചെന്നൈയിലെ ജ്വല്ലറി ജീവനക്കാരായ കൽപേഷ് തന്റെ സ്ഥാപനവും ബെള്ളാരി റൊദ്ദം ജ്വല്ലറി ഉടമയുമായുള്ള ബിസിനസ് ബന്ധത്തിന്റെ പേരിലാണ് സ്വർണം എത്തിച്ചു നൽകിയതെന്ന് പറയുന്നു. ആദ്യമായാണ് സ്മാർട്ട് ക്രിയേഷൻസിൽ പോകുന്നതെന്നും 35000 രൂപ പ്രതിഫലം കിട്ടിയെന്നും എസ്.ഐ.ടി ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് കൂട്ടിച്ചേര്ത്തു.
ഉടമയുടെ നിർദേശ പ്രകാരമാണ് സ്വർണം കൊണ്ടുപോയതെന്നാണ് ഇയാൾ പറയുന്നത്. ദേവസ്വം വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൽപേഷ് എന്ന പേര് ആദ്യമായി ഉയർന്നത്. വേർതിരിച്ചെടുത്ത സ്വർണത്തിൽ ബാക്കിയുണ്ടായിരുന്ന 476 ഗ്രാം കൽപേഷ് ബെള്ളാരിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ടിലെ പരാമർശം. രാജസ്ഥാൻ സ്വദേശിയായ ഈ 31കാരൻ 2012 മുതൽ സ്വർണക്കടയിൽ ജോലിനോക്കുകയാണ്.
അതേ സമയം, ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബംഗളൂരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു.
പ്രത്യേക സംഘത്തിലെ ഒരു ടീം ബെള്ളാരിയിലെത്തി സ്വർണവ്യാപാരി ഗോവർധനെ ചോദ്യം ചെയ്തു. പോറ്റിയുമായി ഗോവർധൻ നടത്തിയ പണമിടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മറ്റൊരു സംഘം ബംഗളൂരുവിലെ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തി.വീട്ടിൽ നിന്നാണ് 176 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തത്. പോറ്റിയും സഹ സ്പോൺസറായിരുന്ന രമേഷ് റാവുവും ഗോവർധനും അനന്തസുബ്രഹമണ്യവും ചേർന്ന് കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയതിന്റെ രേഖകളും പിടിച്ചെടുത്തു. ദ്വാരപാലക പാളികൾ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.വൈകീട്ടോടെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി. കസ്റ്റഡിയിലെടുത്ത സ്വർണമടക്കം അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.

