ചെന്നൈ: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ചെന്നൈയിലെത്തി. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായി സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തി. ചെന്നൈയിലെ പരിശോധന കൂടാതെ ബെല്ലാരി, ബെംഗളൂരു എന്നിവടങ്ങളിലും പരിശോധന നടത്തി. സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വാഹനങ്ങളിലായാണ് അന്വേഷണസംഘം എത്തിയത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 176 ഗ്രാം സ്വര്‍ണം കണ്ടെത്തി. ഈ സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. സ്വര്‍ണാഭരണങ്ങളായി കണ്ടെത്തിയിട്ടുള്ള സ്വര്‍ണം ഏതെങ്കിലും തരത്തില്‍ ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണവുമായി ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റ 476 ഗ്രാം സ്വര്‍ണം അന്വേഷണസംഘം കഴിഞ്ഞദിവസം തിരിച്ചെടുത്തിരുന്നു.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് കൊല്ലത്തോളമായതിനാല്‍ അന്ന് കാണാതായ രീതിയില്‍ തന്ന സ്വര്‍ണം വീണ്ടെടുക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിനാല്‍ കാണാതായ സ്വര്‍ണത്തിന് തത്തുല്യമായ അളവിലുള്ള സ്വര്‍ണം വീണ്ടെടുക്കുകയാണ് അന്വേഷണസംഘത്തിന്റെ ചുമതല. അന്വേഷണത്തില്‍ പരമാവധി രഹസ്യസ്വഭാവം പരിശോധനസംഘം സൂക്ഷിക്കുന്നതിനാല്‍ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ താമസം നേരിടുമെന്നാണ് സൂചന.

