Friday, December 5, 2025
HomeNewsസ്കൂളുകളിൽ അധ്യാപകർ 'ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ആവർത്തിച്ച് ഹൈക്കോടതി

സ്കൂളുകളിൽ അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി : വിദ്യാർഥികളെ തിരുത്താനും സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണു രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ ഏൽപിക്കുന്നതെന്നു കോടതി പറഞ്ഞു.

തല്ലുകൂടിയ അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിനു യുപി സ്കൂൾ അധ്യാപകനെതിരെ 2019 ൽ എടുത്ത കേസിൽ തുടർനടപടി റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സി. പ്രതീപ്കുമാറിന്റെ ഉത്തരവ്. ഇത്തരം കേസുകളിൽ അധ്യാപകരുടെ ശിക്ഷാ നടപടിയുടെ ഉദ്ദേശ്യശുദ്ധി പരിഗണിക്കേണ്ടിവരുമെന്നു കോടതി വ്യക്തമാക്കി.

പരസ്പരം തുപ്പുകയും തുടർന്നു പ്ലാസ്റ്റിക് പൈപ്പ് കൊണ്ടു തമ്മിൽ തല്ലുകയും ചെയ്ത 3 കുട്ടികളെ പിടിച്ചുമാറ്റാനാണ് അധ്യാപകൻ ചൂരൽ പ്രയോഗിച്ചത്. ഒരു കുട്ടിയുടെ രക്ഷിതാവു നൽകിയ പരാതിയിലാണു വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. തല്ലുകൂടിയ കുട്ടികളെ പിടിച്ചുമാറ്റുകയെന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് അധ്യാപകൻ വാദിച്ചു.

കുട്ടികളെ തിരുത്താനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കിൽ തെറ്റുപറയാനാവില്ലെന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുള്ളതു കോടതി ചൂണ്ടിക്കാട്ടി. അധ്യാപകന്റെ സദുദ്ദേശ്യം കുട്ടികളുടെ രക്ഷിതാക്കൾക്ക് മനസ്സിലാകാത്തതു ദൗർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, പാലക്കാട് അഡിഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments