താമരശ്ശേരി (കോഴിക്കോട്): അമ്പായത്തോട് ഇറച്ചിപ്പാറയില്‍ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണകേന്ദ്രത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. പ്രതിഷേധങ്ങൾക്കിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ റൂറല്‍ എസ്.പി ഉൾപ്പെടെ 20ഓളം പൊലീസുകാര്‍ക്കും നിരവധി സമരക്കാർക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ. ബൈജു, താമരശ്ശേരി എസ്.എച്ച്.ഒ സായൂജ് കുമാർ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഫ്രഷ് കട്ടിനെതിരെ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ രാപകൽ സമരം നടക്കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ 200ഓളം പേരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിനിടെ സമരസമിതി നേതാക്കളെ തേടി പൊലീസ് വീടുകളിൽ പരിശോധന നടത്തിയത് സമരക്കാരെ പ്രകോപിപ്പിച്ചു.
വൈകീട്ട് നാലോടെ ഫ്രഷ് കട്ട് ഫാക്ടറിയിലേക്കുള്ള റോഡ് ഇവർ ഉപരോധിച്ചു. ഇതിനിടയിൽ ഫാക്ടറിയിലേക്ക് വന്ന വാഹനം തടഞ്ഞ സമരക്കാരെ നീക്കംചെയ്യുന്നതിനിടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ പൊലീസിനും പരിക്കേറ്റു. ഇതോടെയാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതും ലാത്തിച്ചാർജ് നടത്തിയതും. ഇതിനിടയിൽ ഫാക്ടറിയുടെ പ്ലാന്റിന് സമരക്കാർ തീയിട്ടു.
താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും സംഘര്‍ഷാവസ്ഥ ഏറെനേരം തുടര്‍ന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്, താമരശ്ശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.
കോഴിമാലിന്യം സംസ്കരിക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുന്നതില്‍ പ്രതിഷേധിച്ച് ഫാക്ടറിക്കെതിരെ ഏറെനാളായി നാട്ടുകാർ സമരത്തിലാണ്. ഫാക്ടറി പൂട്ടാന്‍ നിരവധി ഉത്തരവുകളുണ്ടായെങ്കിലും അതൊന്നും നടപ്പാക്കാതെ അധികൃതര്‍ ഫാക്ടറിയെ സംരക്ഷിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പരാതി.

