ബംഗളൂരു: കർണാടകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിദ്യാർഥിക്ക് നേരെ അധ്യാപകന്‍റെ ക്രൂര മർദനം. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം.ചിത്രദുർഗയിലെ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റസിഡൻഷ്യൽ സംസ്കൃത വേദ സ്കൂളിലെ പ്രധാന അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. മുത്തശ്ശിയോട് ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചത്. ഫോൺ ഉപയോഗിച്ചതിന് വിദ്യാർഥിയെ അടിക്കുകയും ചവിട്ടുകയും തറയിലൂടെ വലിച്ചിഴക്കുന്നതിന്‍റെയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രകടമാകുന്നത്.
വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ വിദ്യാർഥിയുടെ കൈക്ക് പരിക്കേറ്റിട്ടും കുട്ടിയെ മർദിക്കുകയായിരുന്നു. അധ്യാപകന്‍റെ മർദനത്തിന് ശേഷം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിഡിയോ പുറത്തുവന്നതോട് ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസിൽ പരാതി നൽകി.
ഒളിവിൽപോയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തഹസിൽദാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൽ സ്കൂളിന് സമീപം പ്രതിഷേധിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ കർശന നടപടിയെടുക്കുമെന്ന് വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ഉറപ്പ് നൽകി.
നൈകനഹട്ടിയിൽ നിന്ന് സ്കൂൾ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതിന്‍റെ വിവരങ്ങൾ ലഭിച്ചു. ഈ പെരുമാറ്റ രീതി ശരിയല്ല. പ്രത്യേകിച്ച് കുട്ടികളോട്. ഈ കേസ് ഞാൻ നേരിട്ട് പരിശോധിക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യും. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ എന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്- വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.

