ഷിക്കാഗോ: യുഎസിലെ ഇല്ലിനോയ് സംസ്ഥാനത്തെ പ്രധാന നഗരമായ ഷിക്കാഗോയിലേക്ക് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതില്‍ നിന്നും ട്രംപ് ഭരണകൂടത്തെ തടയണമെന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാന ഭരണകൂടം സുപ്രീം കോടതിയില്‍.
നാഷണല്‍ ഗാര്‍ഡ് വിന്യാസം തടയുന്ന കീഴ്ക്കോടതി ഉത്തരവ് പിന്‍വലിക്കാൻ ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ നീക്കം നടത്തുന്നത് വസ്തുതകളുടെ തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഷിക്കാഗോ നഗരത്തിന്റെയും ഇല്ലിനോയി സംസ്ഥാനത്തിന്റെയും അഭിഭാഷകര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന് ഇല്ലിനോയ് നാഷണല്‍ ഗാര്‍ഡിനെ ഫെഡറലൈസ് ചെയ്യാന്‍ അനുവദിക്കുന്ന, എന്നാല്‍ അവരെ ഷിക്കാഗോയിലേക്ക് വിന്യസിക്കുന്നത് വിലക്കുന്ന നിലവിലെ ഉത്തരവ് നിലനില്‍ക്കണമെന്ന് ആവശ്യം അവര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനുള്ള താല്‍ക്കാലിക വിലക്ക് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെയാണ് ഇല്ലിനോയിയുടെ തിടുക്കത്തിലുള്ള നീക്കം. വിലക്ക് തുടര്‍ന്നില്ലെങ്കില്‍ പരിഹരിക്കാനാകാത്ത വിധം ദോഷം സംഭവിക്കുമെന്നും നാഷണല്‍ ഗാര്‍ഡിന്റെ ഏറ്റെടുക്കല്‍ ന്യായമാണെന്ന് ട്രംപ് തെളിയിക്കാന്‍ സാധ്യതയില്ലെന്നും രണ്ട് കീഴ്ക്കോടതികള്‍ എത്തിച്ചേര്‍ന്ന അതേ നിഗമനത്തിലെത്താന്‍ ഇല്ലിനോയ് അറ്റോര്‍ണി ജനറല്‍ ക്വാമെ റൗള്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

