Friday, December 5, 2025
HomeNewsസുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്ത് സ്വയം വെടിയുതിർത്തു മരിച്ചു

സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്ത് സ്വയം വെടിയുതിർത്തു മരിച്ചു

കോയമ്പത്തൂർ : സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണു മരിച്ചത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയിരുന്നു. ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിലായിരുന്നു ഡ്യൂട്ടി. പോസ്റ്റിൽ കയറി 10 മിനിറ്റിനകം എകെ 103 റൈഫിൾ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിർക്കുകയായിരുന്നു.

വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നു താഴേക്കു തെറിച്ചുവീണതു കണ്ട്, താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടൻതന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോലിയിൽ വളരെയേറെ സമ്മർദം ഉണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.

രണ്ടാഴ്ച മുൻപ് അവധിയിൽ വന്നിരുന്നപ്പോൾ മാനസിക സമ്മർദത്തിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും വിശ്രമവും മരുന്നും ഡോക്ടർ നിർദേശിച്ചെങ്കിലും മരുന്നു കൃത്യമായി കഴിച്ചിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞെന്നു കേസ് അന്വേഷിക്കുന്ന സുലൂർ പോലീസ് പറഞ്ഞു

മാനസിക സമ്മർദം അധികമായതായി രണ്ടു ദിവസം മുൻപ് ഭാര്യയോട് വിഡിയോ കോളിൽ പറഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് കുടുംബം. ഇന്നലെ വൈകിട്ട് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്നു രാവിലെ 9 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അച്ഛൻ: ശിവരാമൻ. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഹർശിവ്, ഹാർദ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments