Friday, December 5, 2025
HomeNewsഗാസ വീണ്ടും സംഘർഷഭരിതമാകുന്നു; ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി: ട്രംപിന്റെ സമാധാന കരാർ...

ഗാസ വീണ്ടും സംഘർഷഭരിതമാകുന്നു; ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി: ട്രംപിന്റെ സമാധാന കരാർ പാളുന്നോ?

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈ എടുത്ത് നടപ്പാക്കിയ വെടിനിർത്തൽ കരാർ ഒരാഴ്ച പിന്നിടുമ്പോൾ ഗാസ വീണ്ടും സംഘർഷഭരിതമാകുന്നു. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ സേനയ്ക്ക് കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഹമാസ് ഇസ്രയേൽ നിയന്ത്രിത പ്രദേശങ്ങളിലേക്ക് വെടിവെച്ചുവെന്ന് അവകാശപ്പെട്ടതിനെ തുടർന്ന്, റാഫ ഉൾപ്പെടെയുള്ള ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഹമാസിന്റെ തുരങ്കങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെക്കൻ ഗാസയിൽ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു.വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലും ഹമാസും പരസ്പരം കരാർ ലംഘന ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, വലിയ തോതിലുള്ള ആക്രമണങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇസ്രയേലിന്റെ പുതിയ വ്യോമാക്രമണം സംഘർഷം വീണ്ടും രൂക്ഷമാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം, ഇസ്രയേലിന്റെ ആക്രമണത്തിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടതായി അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നെതന്യാഹു സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചു. ഗാസയിലെ സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ തീരുമാനിക്കാനുമാണ് ഈ യോഗം. ഇസ്രയേലിന്റെ ആക്രമണം തുടരുന്നതിനിടെ, ഹമാസ് പ്രതികരണമായി കൂടുതൽ ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗാസയിലെ സാധാരണക്കാർക്കിടയിൽ ഭീതി വർധിക്കുന്നതിനാൽ, മാനുഷിക പ്രതിസന്ധി രൂക്ഷമാകാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ, സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥ ശ്രമങ്ങൾ സജീവമാകുന്നുണ്ട്. വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കുന്ന ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി, ‘രാവും പകലും’ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇരുപക്ഷവും തമ്മിലുള്ള വിശ്വാസക്കുറവും തുടർച്ചയായ ആക്രമണങ്ങളും ചർച്ചകളുടെ വിജയത്തിന് വെല്ലുവിളിയാകുന്നു. അന്താരാഷ്ട്ര സമൂഹം ഗാസയിലെ സ്ഥിതിഗതികളെ ഉറ്റുനോക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments