ഗാസയിലെ സാധാരണക്കാര്‍ക്കുനേരെ ആക്രമണം നടത്താന്‍ ഹമാസ് ഒരുങ്ങുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിവരം ലഭിച്ചുവെന്നും നീക്കം വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമായിരിക്കുമെന്നും യു.എസ് വ്യക്തമാക്കി.
പലസ്തീനികള്‍ക്കെതിരായ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്‍റെ പ്രത്യക്ഷമായ ലംഘനമായിരിക്കുമെന്നും മധ്യസ്ഥതയിലൂടെ നേടിയെടുത്ത പുരോഗതിയെ ദുർബലപ്പെടുത്തുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവനയില്‍ പറഞ്ഞു. ഹമാസ് ആക്രമണവുമായി മുന്നോട്ടുപോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും വെടിനിര്‍ത്തലിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി. അതേസമയം റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് പുറത്തുവിട്ടിട്ടില്ല.
ഹമാസ് ജനങ്ങളെ ആക്രമിക്കുന്നുവെന്നും അത് തുടര്‍ന്നാല്‍ ഗാസയില്‍ കയറി അവരെ ഉന്‍മൂലനം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രസ്താവന. കരാറിന് വിരുദ്ധമായി ഗാസയില്‍ ജനങ്ങളെ കൊല്ലുന്നത് ഹമാസ് തുടരുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അവരെ കൊല്ലേണ്ടി വരും എന്നാണ് ട്രംപ് എക്സില്‍ കുറിച്ചത്. എന്നാല്‍ ഗാസയിലേക്ക് യു.എസ് സൈന്യത്തെ അയക്കില്ലെന്നും മറ്റാരെങ്കിലുമാകും അത് ചെയ്യുകയെന്നും ട്രംപ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു.

