ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി മധ്യസ്ഥ ശ്രമം നടത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ആഴ്ചയിലേറെ നീണ്ടുനിന്ന പോരാട്ടത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. നിരവധി ആളുകളുടെ മരണത്തിനും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ മാരകമായ സംഘര്‍ഷമായിരുന്നു ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായിരുന്നത്. താലിബാന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നതായി ആരോപിച്ചാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.
ശാശ്വത സമാധാനവും വെടിനിര്‍ത്തലിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇരുപക്ഷവും സമ്മതിച്ചതായി ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പ്രതിനിധികള്‍ ദോഹയിലെത്തിയിരുന്നു. ഖത്തറും തുര്‍ക്കിയുമാണ് മധ്യസ്ഥത വഹിച്ചത്. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇരു സര്‍ക്കാരുകളും അവരുടെ പ്രതിരോധ മന്ത്രിമാരെ അയച്ചിരുന്നു. മുമ്പുണ്ടായിരുന്ന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച വൈകുന്നേരം അവസാനിച്ചതോടെ, മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പാക് പ്രവിശ്യയിലെ രണ്ട് ജില്ലകളിലായിരുന്നു ആക്രമണങ്ങള്‍. ഈ വ്യോമാക്രമണത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ എന്നിവരുള്‍പ്പെടെ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണങ്ങള്‍ അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഒരു പരമ്പര ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചു.

