വാഷിങ്ടൺ: അഫ്ഗാനിസ്താൻ-പാകിസ്താൻ യുദ്ധം തനിക്ക് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരത്തിലുള്ള നിരവധി യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. പാകിസ്താൻ ആക്രമിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞു. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷസാധ്യത ഉടലെടുത്തിട്ടുണ്ട്. ഈ യുദ്ധം തീർക്കുകയെന്നത് നിസ്സാരമായ കാര്യമാണ്. ഞാനത് ചെയ്യും. ഇപ്പോൾ ഞാൻ യു.എസിന്റെ ഭരണം നടത്തുകയാണ്. എങ്കിലും യുദ്ധം തീർക്കുകയെന്നത് താൻ ഇഷ്ടപ്പെടുന്ന കാര്യമാണ്. ആളുകളെ മരണത്തിൽ നിന്നും രക്ഷിക്കുകയെന്നത് എന്റെ കർത്തവ്യമായി കരുതുന്നുവെന്നും ട്രംപ് പറഞ്ഞു.
നേരത്തെ മൂന്ന് ക്രിക്കറ്റ് താരങ്ങളുൾപ്പടെ എട്ട് പേർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്താൻ അറിയിച്ചിരുന്നു. ഉർഗുണിൽ നിന്ന് ഷഹാറാണയിലേക്കുള്ള യാത്രക്കിടെയാണ് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പാകിസ്താൻ അതിർത്തിയായ പാകതികയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.
കബീർ, സിബ്ഗബ്ത്തുള്ളി, ഹാറൂൺ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മറ്റ് അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പാകിസ്താനും ശ്രീലങ്കയും കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും അഫ്ഗാനിസ്താൻ പിന്മാറി.ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് പാകിസ്താന്റേത് ഭീരത്വ ആക്രമണമാണെന്നും വിശേഷിപ്പിച്ചു. അതേസമയം, അഫ്ഗാനിലെ പാക് അതീത പ്രവിശ്യയിൽ പാകിസ്താൻ വ്യാപക ആക്രമണം നടത്തുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

