വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായമുണ്ടെങ്കിൽ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഗാസയിൽ വെടിനിർത്തലും സമാധാനപദ്ധതിയും നടപ്പാക്കിയതിൽ ട്രംപിനെ സെലെൻസ്കി അഭിനന്ദിച്ചു. യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ഊർജമായി ഇത് മാറണമെന്നും സെലെൻസ്കി പറഞ്ഞു. വൈറ്റ്‌ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു സെലെൻസ്കി.
റഷ്യയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ യുക്രെയ്‌ന് യുഎസിന്റെ ദീർഘദൂര ടോമഹോക്ക് മിസൈലുകൾ നൽകണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. ദീർഘദൂര മിസൈലുകൾ നൽകുന്നത് റഷ്യ – യുക്രെയ്ൻ യുദ്ധം വ്യാപിക്കാനിടയാക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. നമുക്ക് റഷ്യയെയും ആവശ്യമാണ്. അതിനാൽ മിസൈലുകളുടെ കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് അറിയില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് യുദ്ധം വ്യാപിക്കാൻ ഇടയാക്കുമെന്ന് റഷ്യ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
‘നാറ്റോ അംഗത്വം യുക്രെയ്‌ന് വളരെ പ്രധാനപ്പെട്ട വിഷയമാണ്. രാജ്യത്തിന്റെ നിലപാട് തീരുമാനിക്കുന്നത് ജനങ്ങളും യുക്രെയ്‌ന്റെ സഖ്യകക്ഷികളും ചേർന്നാണ്. ആക്രമണത്തിനിരയാകുന്ന യുക്രെയ്‌ൻ ജനങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷാ ഉറപ്പുകൾ ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ട്രംപിൽ നിന്ന് ഉഭയകക്ഷി സുരക്ഷാ ഉറപ്പുകൾ വേണമെന്ന് ആഗ്രഹിക്കുന്നു. വെടിനിർത്തൽ ധാരണയിലെത്താൻ എല്ലാ കക്ഷികളും ഇരുന്ന് സംസാരിക്കണം. ഏതു രൂപത്തിലുമുള്ള ചർച്ചകൾക്കും യുക്രെയ്‌ൻ തയാറാണ്.

