Friday, December 5, 2025
HomeNewsകെഎസ്ആർടിസി ബസ്സിൽ പ്ലാസ്റ്റിക് കുപ്പി വെച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി നൽകി...

കെഎസ്ആർടിസി ബസ്സിൽ പ്ലാസ്റ്റിക് കുപ്പി വെച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി നൽകി ഹൈക്കോടതി

എറണാകുളം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ് ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ നടപടി. ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്‍റെ ആവശ്യം. ദീർഘദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ ഗതാഗതമന്ത്രിയുടെ നിർദേശം പ്രകാരം നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെഎസ്ആർടിസി രംഗത്തെത്തി. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പൊൻകുന്നത്തുനിന്ന് പുതക്കാടേക്ക് സ്ഥലം മാറ്റിയതിൽ അപാകതയില്ല. ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ്, ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ പാലിച്ചില്ല, ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിർദേശം പാലിച്ചില്ല, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കെഎസ്ആർടിസി ന്യായീകരിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി. ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments