പട്ന: ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം. മത്സരിക്കുന്ന മുഴുവൻ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഘടക കക്ഷികളും ഇന്ന് പ്രഖ്യാപിച്ചേക്കും. ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. മഹാസഖ്യത്തിന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായിട്ടില്ല. നവംബർ ആറിനാണ് 121 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ്.
പത്രിക നല്‍കാനുള്ള അവസാന ദിവസം നാളെയാണ്. ആർജെഡി നയിക്കുന്ന മഹാസഖ്യത്തിലെ സീറ്റു വിഭജനം ഇനിയും പൂർത്തിയാക്കാനായിട്ടില്ല. ലാലുപ്രസാദ് യാദവ് സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും, സീറ്റു കിട്ടാത്തവർ ദില്ലി എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചതും മഹാസഖ്യത്തിൽ കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ധാരണയായ ചില സീറ്റുകളിൽ പത്രിക നൽകാനായത് മാത്രമാണ് ആശ്വാസം. അതിനിടെ ബിഹാര്‍ പിസിസി അധ്യക്ഷൻ രാജേഷ് റാമും മത്സര രംഗത്തിറങ്ങുമെന്ന് വ്യക്തമായി. കുടുംബ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക.
മറുവശത്ത് രാത്രിയോടെ മത്സരിക്കുന്ന 101 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 18 സ്ഥാനാര്‍ത്ഥികളെയാണ് മൂന്നാം ഘട്ട പട്ടികയിൽ പ്രഖ്യാപിച്ചത്. മറ്റ് എന്‍ ഡി എ ഘടകകക്ഷികളും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. എന്‍ഡിഎയിലും തര്‍ക്കങ്ങള്‍ പൂര്‍ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മഹുവ സീറ്റ് ചിരാഗ് പസ്വാൻറെ പാർട്ടിക്ക് വിട്ടുകൊടുക്കുന്നതിൽ ആർഎൽഎം നേതാവ് ഉപേന്ദ്ര കുശ്വാഹ അതൃപ്തിയിലാണ്. ഉപേന്ദ്ര കുശ്വാഹയുമായി അമിത് ഷാ ഇന്നലെ ചർച്ച നടത്തി ജെഡിയു ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്സഭാംഗം അജയ് കുമാർ മണ്ഡൽ രാജി ഭീഷണി മുഴക്കിയതും മുന്നണിക്ക് ക്ഷീണമായിട്ടുണ്ട്.

