ഡല്‍ഹി: മദ്ധ്യപ്രദേശില്‍ 22 കുട്ടികളുടെ മരണത്തിന് കാരണമായ കോള്‍ഡ്രിഫ് ഉള്‍പ്പെടെ മൂന്ന് ഇന്ത്യൻ ചുമ മരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).
ഈ മരുന്നുകള്‍ അപകടകരമാണെന്നും മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഉപയോഗത്തിലുണ്ടെങ്കില്‍ അറിയിക്കണമെന്നും നിർദ്ദേശം നല്‍കി. ശ്രേസൻ ഫാർമസ്യൂട്ടിക്കള്‍സിന്റെ കോള്‍ഡ്രിഫ്, നെഡ്‌നെക്‌സ് ഫാർമസ്യൂട്ടിക്കല്‍സിന്റെ റെസ്പിഫ്രഷ് ടി.ആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് അപകടകരമെന്ന് കണ്ടെത്തിയത്. മരുന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് നേരത്തെ ഡബ്ല്യു.എച്ച്.ഒ ഇന്ത്യയോട് ചോദിച്ചിരുന്നു.
കോള്‍ഡ്രിഫ് സിറപ്പില്‍ ഡൈഎത്തിലീൻ ഗ്ലൈക്കോള്‍ അനുവദനീയമായതിന്റെ 500 മടങ്ങ് അളവില്‍ അടങ്ങിയിരുന്നെന്ന് ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചിരുന്നു. ഇത്തരം മരുന്നുകളൊന്നും ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
മദ്ധ്യപ്രദേശില്‍ മരിച്ച കുട്ടികള്‍ക്ക് നല്‍കിയത് കോള്‍ഡ്രിഫ് സിറപ്പാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മരുന്നിന്റെ നിർമ്മാതാക്കളായ ശ്രേസൻ ഫാർമസ്യൂട്ടിക്കല്‍സ് തമിഴ്‌നാട് സർക്കാർ അടച്ചുപൂട്ടിയിരുന്നു. കമ്ബനി ഉടമ ജി. രംഗനാഥൻ അറസ്റ്റിലാവുകയും ചെയ്തു. കുട്ടികള്‍ക്ക് മരുന്ന് കുറിച്ച ഡോക്ടർ പ്രവീണ്‍ സോണിയെയും അറസ്റ്റ് ചെയ്തു. പ്രവീണ്‍ സോണിക്ക് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചു.

