ന്യൂഡൽഹി : ഏറെ നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമായി. ഒ.ജെ. ജനീഷിനെയാണ് പുതിയ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവിൽ തൃശൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലാതെയായത്. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം നീണ്ടുപോയി. അതിനിടയിലാണ് ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്.
അബിൻ വർക്കിയുടെയും കെ.എം. അഭിജിത്തിന്റെയും പേരുകൾ നേരത്തേ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു.ബിനു ചുള്ളിയിൽ ആണ് വർക്കിങ് പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.കെ.എം. അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശീയ സെക്രട്ടറിമാരായും തീരുമാനിച്ചു.

