Friday, December 5, 2025
HomeNewsഭാഗ്യം കൊണ്ടു വന്നിടത്തേക്ക് ഒരിക്കൽക്കൂടി മെസ്സി: സ്പെയിനെതിരെ പന്തുതട്ടാൻ ലയണൽ മെസ്സിയും സംഘവും ലുസൈൽ സ്റ്റേഡിയത്തിലേക്ക്

ഭാഗ്യം കൊണ്ടു വന്നിടത്തേക്ക് ഒരിക്കൽക്കൂടി മെസ്സി: സ്പെയിനെതിരെ പന്തുതട്ടാൻ ലയണൽ മെസ്സിയും സംഘവും ലുസൈൽ സ്റ്റേഡിയത്തിലേക്ക്

മഡ്രിഡ്: ലോകകപ്പ് കിരീടമുയർത്തിയ ​ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ പന്തുതട്ടാൻ ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമെന്ന് റിപ്പോർട്ട്. ​കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും, യുവേഫ യൂറോ ചാമ്പ്യന്മാരായ സ്​പെയിനും ഏറ്റുമുട്ടുന്ന ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 28ന് ലുസൈൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് പ്രമുഖ സ്​പോർട്സ് മാധ്യമമായ ‘മാർക’ റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഘാടകരായ യുവേഫയോ തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷ​നോ, ആതിഥേയ രാജ്യമായ ഖത്തറോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.വാർത്തകൾ ശരിയായാൽ ഖത്തറിലെയും ഗൾഫ് രാജ്യങ്ങളിലെയും ഫുട്ബാൾ പ്രേമികളെ കാത്തിരിക്കുന്നത് ലോകകപ്പ് പോലെ തന്നെ താരപ്പകിട്ടേറിയ മറ്റൊരു ഫുട്ബാൾ വിരുന്നാവും.

കഴിഞ്ഞ ലോകകപ്പിന് മുന്നോടിയായി 2022 ജൂണിൽ നടന്ന ഫൈനലിസിമയിൽ ഇറ്റലിയെ 3-0ത്തിന് തോൽപിച്ച് കിരീടമണിഞ്ഞായിരുന്നു ലയണൽ മെസ്സിയും സംഘവും ലോകകപ്പിനുള്ള ഊർജം സ്വന്തമാക്കിയത്. ലോകകപ്പിന് മുമ്പായി വൻകര ചാമ്പ്യന്മാർ മാറ്റുരക്കുന്ന കോൺഫെഡറേഷൻ കപ്പ് ഫുട്ബാൾ പോരാട്ടത്തിന് ബദലായാണ് യൂറോപ്യൻ, തെക്കനമേരിക്കൻ ജേതാക്കൾ മാറ്റുരക്കുന്ന ഫൈനലിസിമ കിരീടപ്പോരാട്ടം അവതരിപ്പിച്ചത്. 2022ൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു പ്രഥമ ഫൈനലിസിമ മത്സരം.കഴിഞ്ഞ യൂറോകപ്പ് ജേതാക്കളായാണ് സ്​പെയിൻ ഫൈനലിസിമക്ക് ടിക്കറ്റുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും കോപ അമേരിക്ക കിരീട നേട്ടവുമായി അർജന്റീനയും യോഗ്യരായി.2022 ഡിസംബർ 18ന് നടന്ന ഖത്തർ​ ലോകകപ്പ് ഫൈനലിൽ ​ഫ്രാൻസിനെ കീഴടക്കി ലയണൽ മെസ്സിയും സംഘവും കിരീടം ചൂടിയത് ​ലുസൈൽ സ്റ്റേഡിയത്തിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments