ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മുംബൈയില്‍നിന്ന് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഗഡ്കരിയുമായും കേരളത്തിന്റെ സാമ്പത്തികപ്രശ്നങ്ങള്‍ നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ധനമന്ത്രി ബാലഗോപാലും കേരള ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, മറ്റു മന്ത്രിമാരില്ലാതെ ആഭ്യന്തര മന്ത്രി അമിത്ഷായുമായും ബി.ജെ.പി ദേശീയ അധ്യക്ഷൻ കുടിയായ ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചില്ല. അമിത് ഷായെ ഔദ്യോഗിക വസതിയിൽ ചെന്നാണ് മുഖ്യമന്ത്രി കണ്ടത്.

