ബംഗളൂരു: വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെ ആർത്തവ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. എല്ലാ മാസവും ഒരു ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ആനുകൂല്യം ലഭിക്കും. സ്ത്രീകളുടെ മൗലികാവകാശവും തൊഴിലിടത്തെ ക്ഷേമവും ഉറപ്പു വരുത്തുകയും സ്ത്രീകൾക്ക് ഭയമില്ലാതെ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ആർത്തവ നയം രൂപീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
വസ്ത്ര ശാലകൾ, ഐ.ടി, സർക്കാർ ഓഫീസുകൾ തുടങ്ങിയവയൊക്കെ നയത്തിലുൾപ്പെടുന്നു.കൂടുതൽ മാനുഷികവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് ആർത്തവ നയമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു.പുരോഗമനപരവും സ്ത്രീ സൗഹൃദപരവുമായ നയമെന്നാണ് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞത്. സ്ത്രീകൾക്ക് മാസത്തിൽ ഏത് ദിവസം വേണമെങ്കിലും ഒരു ദിവസത്തേക്ക് ഈ ആനുകൂല്യം വിനിയോഗിക്കാം.ജനുവരിയിൽ കേരളവും സമാനരീതിയിൽ ആർത്തവ നയം കൊണ്ടു വന്നിരുന്നു. ബിഹാറും ഒഡിഷയും 12 ദിവസത്തെ ആർത്തവനയം നടപ്പിലാക്കിയെങ്കിലും ഇത് സർക്കാർ ജിവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

