Friday, December 5, 2025
HomeNewsശബരിമല സ്വർണപ്പാളി വിഷയത്തിലും ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലും ഉത്തരമില്ലാതെ മന്ത്രി

ശബരിമല സ്വർണപ്പാളി വിഷയത്തിലും ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലും ഉത്തരമില്ലാതെ മന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിലും ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലും നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളിൽ ഉരുണ്ടുകളിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സ്വർണപ്പാളി അടക്കമുള്ള വിലകൂടിയ വസ്തുക്കൾ അറ്റകുറ്റ പ്രവൃത്തികൾക്കായി കൊണ്ടുപോകുന്നതിന് ഹൈകോടതിയുടെ മുൻ അനുമതി വേണമെന്ന് നിഷ്കർ‍ഷിക്കുന്നുണ്ടോയെന്ന റോജി എം. ജോണിന്‍റെ ചോദ്യത്തിന് ശ്രീകോവിലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഹൈകോടതി നിയോഗിച്ചിട്ടുള്ള സ്പെഷൽ കമീഷണറെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു. എങ്കിൽ, ദ്വാരപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഹൈകോടതിയുടെ അനുമതിയോടെയാണോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം മന്ത്രിക്കുണ്ടായിരുന്നില്ല.

സ്വർണപ്പാളിയും പീഠവും ഉണ്ണികൃഷ്ണൻ പോറ്റി 39 ദിവസം കൈവശം വെക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന സി. ആർ.മഹേഷിന്‍റെയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെയും ചോദ്യത്തോടും വിഷയത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മാത്രമായിരുന്നു മറുപടി. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ ലഭിച്ച തുകയുടെയും ആകെ ചെലവായ തുകയുടെയും വിശദാംശങ്ങൾ എ.പി അനിൽകുമാർ ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ നൽകിയില്ല.

പകരം ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്, മറ്റ് വിവിധ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്ത സ്പോൺസർഷിപ്പ് തുക ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നെന്ന് മാത്രമായിരുന്നു മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments