Friday, December 5, 2025
HomeNewsശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല സ്വർണപ്പാളിയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണ്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഇനി പറയാനുള്ളത് കോടതിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനുള്ളതോ കോടതിയില്‍ പറയുമെന്ന പ്രതികരിച്ച ഉണ്ണികൃഷ്ണൻ പോറ്റി, വിജിലൻസ് നോട്ടീസ് നൽകിയോ എന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല

പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ ഉത്തരം പറയാതെ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കൾ എങ്ങനെ ശബരിമലയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് ഞാൻ മറുപടി പറയേണ്ടതില്ലെന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് അതിന് ഉത്തരം നല്‍കേണ്ടത് എന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ മറുപടി. വാസുദേവൻ  21 ന് പീഠം വീട്ടിലെത്തിച്ചിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ലെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ മറുപടി. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. ചെന്നൈയിൽ എത്തിച്ചപ്പോൾ സ്വർണ്ണപ്പാളിയുടെ തൂക്കം നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് അക്കാര്യം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയോട് ചോദിക്കണം എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉത്തരം. 

ശബരിമലയെ മുൻനിർത്തി സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഭക്തിയുടെ മറവിലായിരുന്നു പണപ്പിരിവ്. ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കുണ്ടായിരുന്നു. മേൽശാന്തിയുടെ സഹായിയായി വന്ന് വർഷങ്ങൾക്കുള്ളിൽ സ്പോണ്‍സറായി മാറിയ ചരിത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളത്. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശബരിമലയില്‍ സ്വർണം പൂശുന്നതിനും അന്നദാനത്തിനുമൊക്കെയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോറ്റി വ്യാപകമായി പരിവ് നടത്തിയതിന്‍റെ വിവരങ്ങള്‍ ദേവസ്വം വിജിലൻസിന് ലഭിച്ചു. ശബരിമലയിൽ സർവ്വ സ്വാതന്ത്ര്യമുണ്ടായിരുന്ന ഉണ്ണികൃഷണൻ പോറ്റിക്ക് ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് സ്വർണപാളികള്‍ ബംഗളൂരുവിലെത്തിയതും പിണപ്പിരിവിന് വേണ്ടിയാണോയെന്ന് സംശയിക്കുന്നുണ്ട്. ഭക്തി മറയാക്കി പണപ്പിരിവ് നടത്താൻ ഉന്നതരുമായുള്ള ചിത്രങ്ങള്‍ വരെ ദുരൂപയോഗം ചെയ്തുവെന്നാണ് സംശയം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments