Friday, December 5, 2025
HomeAmericaശമ്പളമില്ലാതെ ജോലി ചെയ്യണം; പിരിച്ചുവിടൽ ഭീഷണിയും; യുഎസ് ഷട്ട്ഡൗൺ എന്നാൽ എന്ത്?

ശമ്പളമില്ലാതെ ജോലി ചെയ്യണം; പിരിച്ചുവിടൽ ഭീഷണിയും; യുഎസ് ഷട്ട്ഡൗൺ എന്നാൽ എന്ത്?

അസാധാരണമായ സാഹചര്യത്തിലൂടെയാണ് യുഎസ് പോകുന്നത്. സർക്കാർ ചെലവുകൾക്കുളള ധന അനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക ഷട്ട്ഡൗണിലേക്ക് കടക്കുകയാണ്. ബിൽ പാസാക്കുന്നത് സംബന്ധിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ചർച്ചകൾ നടത്തിയെങ്കിലും ആരോഗ്യ പരിരക്ഷകളുടെ കാര്യത്തിൽ ചർച്ചകൾ അലസിപ്പിരിയുകയായിരുന്നു. ഇതോടെ ഷട്ട്ഡൗൺ ഒഴിവാക്കാനാകാതെ വന്നിരിക്കുകയാണ്. നിരവധി ഏജൻസികളെയും അതിലെ ഫെഡറൽ ജീവനക്കാരെയും ബാധിക്കുന്ന തീരുമാനമാണ് യുഎസ് ഭരണകൂടം കൈക്കൊള്ളാൻ പോകുന്നത്. എന്താണ് ഷട്ട്ഡൗൺ എന്ന് പരിശോധിക്കാം.

ഒരു രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് നിശ്ചിതകാലത്തേയ്ക്ക് അവരുടെ ശമ്പളം മുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ? രാജ്യത്തെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ അടച്ചുകിടന്നാൽ എന്താകും അവസ്ഥ? ചുരുക്കിപ്പറഞ്ഞാൽ ഇത് തന്നെയാണ് ഷട്ട്ഡൗൺ. ഫണ്ടിങ് ഇല്ലാതാകുന്നത് മൂലം സർക്കാർ സേവനങ്ങൾ തടസപ്പെടുകയും ആവശ്യസേവനങ്ങൾ ഇല്ലാതെയാകുകയും ചെയ്യുന്നതിനെയാണ് ഷട്ട്ഡൗൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

യുഎസിൽ ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം എന്നുപറയുന്നത് ഒക്ടോബർ ഒന്ന് മുതൽക്കാണ്. സാമ്പത്തികവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്ഥാപനങ്ങൾക്ക് അടുത്ത വർഷത്തേക്കുള്ള ഫണ്ടിങ് ഉറപ്പാക്കണം. 438 സർക്കാർ ഏജൻസികൾക്കാണ് ഇത്തരത്തിൽ യുഎസ് കോൺഗ്രസ് ഫണ്ട് അനുവദിക്കേണ്ടത്. ഇതിലാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും. നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്‌സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിക്കുന്നത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്‌സിഡി നിലനിര്‍ത്തണമെന്ന് ഡെമോക്രാറ്റ്‌സും വാദിക്കുന്നു.. ഇവ പാസാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെയാണ് ഷട്ട്ഡൗൺ അഥവാ ‘അടച്ചുപൂട്ടൽ’ അനിവാര്യമായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments