Friday, December 5, 2025
HomeNewsഅഭിഷേക് ശർമക്ക് ട്വന്‍റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടം

അഭിഷേക് ശർമക്ക് ട്വന്‍റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടം

മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ തീപ്പൊരി ബാറ്റിങ്ങുമായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഓപ്പണർ അഭിഷേക് ശർമക്ക് ട്വന്‍റി20 ക്രിക്കറ്റിൽ ചരിത്ര നേട്ടം. ടൂർണമെന്‍റിലെ റൺവേട്ടക്കാരനായ അഭിഷേക്, മൂന്നു അർധ സെഞ്ച്വറികളടക്കം 314 റൺസാണ് അടിച്ചുകൂട്ടിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ സിംബാവക്കെതിരെ അരങ്ങേറ്റം കുറിച്ച താരം, അതിവേഗത്തിലാണ് ഇന്ത്യൻ ട്വന്‍റി20 ടീമിലെ പ്രധാന താരങ്ങളിലേക്ക് വളർന്നത്. ലോകത്തിലെ ഒന്നാം നമ്പർ ട്വന്‍റി20 ബാറ്ററായ താരം, 24 മത്സരങ്ങളിൽനിന്ന് 849 റൺസാണ് ഇതുവരെ നേടിയത്. രണ്ടു സെഞ്ച്വറികളും അഞ്ചു അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. ബുധനാഴ്ച ഐ.സി.സിയുടെ പുതിയ ട്വന്‍റി20 റാങ്കിങ് പുറത്തുവന്നതോടെയാണ് അഭിഷേക് ചരിത്ര നേട്ടത്തിലെത്തിയത്.

നിലവിൽ 931 റേറ്റിങ് പോയന്‍റുമായാണ് താരം ട്വന്‍റി20 ബാറ്റർമാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ട്വന്‍റി20 ക്രിക്കറ്റിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന റേറ്റിങ് പോയന്‍റാണിത്. 2020ൽ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാൻ 919 റേറ്റിങ് പോയന്‍റിലെത്തിയ റെക്കോഡാണ് താരം മറികടന്നത്. 2014ൽ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി 909 പോയന്‍റും 2022ൽ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് 912 പോയന്‍റും നേടിയിരുന്നു.

ട്വന്‍റി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള അഭിഷേകിനെ ഏകദിന ടീമിലേക്കും പരിഗണിച്ചേക്കും. ആസ്ട്രേലിയക്കെതിരായ മൂന്നു ഏകദിന പരമ്പരക്കുള്ള ടീമിൽ താരത്തെയും ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഒക്ടോബർ 19 മുതലാണ് മത്സരം. ലിസ്റ്റ് എ ക്രിക്കറ്റിലും താരത്തിന്‍റെ പ്രകടനം മികച്ചതാണ്. 61 മത്സരങ്ങളിൽനിന്ന് 2014 റൺസാണ് താരം അടിച്ചുകൂട്ടിയത്. 99.31 ആണ് സ്ട്രൈക്ക് റേറ്റ്. ശരാശരി 35.33ഉം. 38 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്. നിലവിൽ രോഹിത് ശർമയും ശുഭ്മൻ ഗില്ലുമാണ് ഏകദിനത്തിൽ ഇന്ത്യക്കായി ബാറ്റിങ് ഓപ്പൺ ചെയ്യുന്നത്.

രോഹിത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്. 2027 ഏകദിന ലോകകപ്പിൽ താരം കളിക്കുമോ എന്നതിൽ ഉറപ്പില്ല. രോഹിത്തിനെ പരിഗണിച്ചില്ലെങ്കിൽ പകരക്കാരനായി അഭിഷേകിനാണ് കൂടുതൽ സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments