Friday, December 5, 2025
HomeNewsചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയർമാൻ വിജിലൻസ്...

ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയർമാൻ വിജിലൻസ് പിടിയിൽ

തൃശൂർ: ചെടിച്ചട്ടി വിതരണം ചെയ്യുന്നതിനുള്ള കരാർ അനുവദിച്ചതിന് കൈക്കൂലി ആവശ്യപ്പെട്ട സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയർമാൻ വിജിലൻസ് പിടിയിൽ. കെ.എൻ. കുട്ടമണിയെയാണ് ബുധനാഴ്ച വിജിലൻസ് കൈയോടെ പിടികൂടിയത്.

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന് ചെടിച്ചട്ടി വിതരണം ചെയ്യുന്നതിന് ഓർഡർ ലഭിച്ച കോഴിക്കോട് സ്വദ്വേശിയിൽനിന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്. ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുട്ടമണിയെ വിജിലൻസ് പിടികൂടുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് തൃശൂർ ജില്ലയിലെ പാലിയക്കരയിൽ ഒരു കളിമൺ പാത്രനിർമാണ വ്യവസായ യൂനിറ്റ് നടത്തുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണ വിപണന കോര്‍പറേഷന് 5372 ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പരാതിക്കരന് ജൂലൈയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ 21ന് കുട്ടമണി പരാതിക്കാരനെ ഫോണിൽ വിളിച്ച് കരാർ നൽകിയതിനുള്ള കമീഷനായി 25,000 രൂപ ആവശ്യപ്പെട്ടു.

പിന്നീട് 20,000 രൂപ മതിയെന്നും ഗൂഗിൾ പേ മുഖേന അയച്ച് നൽകിയാൽ മതിയെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. കോർപറേഷന് വിതരണം ചെയ്യുന്ന ഒരോ ചെടിച്ചട്ടിക്കും മൂന്നു രൂപ വീതം കമീഷനാണ് ആവശ്യപ്പെട്ടത്. നിലവിൽ വിതരണം ചെയ്തിരിക്കുന്ന ചെടിച്ചട്ടികളുടെ ബിൽ വേഗം മാറി നൽകാമെന്നും അതിനായി ആദ്യ ഗഡുവായ 10,000 രൂപ എത്തിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ബുധനാഴ്ച രാവിലെ 11.10 ന് തൃശ്ശൂർ വടക്കേ സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് പരാതിക്കാരനിൽനിന്നു 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുട്ടമണിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1064 എന്ന വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറിലോ, 85929 00900 എന്ന നമ്പറിലോ, വാട്സ് ആപ്പ് നമ്പറായ 9447789100ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments