തിരക്കിട്ട ജീവിതത്തിൽ നമ്മൾ പലപ്പോഴും മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ മാനസിക ആരോഗ്യം. ഏകാന്തത ഉടൻ തന്നെ ആഗോള ആരോഗ്യ അപകടമായി മാറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അടുത്തിടെ നടന്ന ആജ് തക് ഹെൽത്ത് സമ്മിറ്റിലെ വിഷയവും ഇതായിരുന്നു. പ്രമുഖ ഡോക്ടർമാർ, മാനസികാരോഗ്യ വിദഗ്ധർ, ന്യൂറോളജിസ്റ്റുകൾ എന്നിവർ പങ്കെടുത്ത സെഷനിൽ എല്ലാ പ്രായക്കാരെയും ജീവിതമേഖലകളിലുള്ളവരെയും ബാധിക്കുന്ന മാനസികാരോഗ്യ വെല്ലുവിളികളെ കുറിച്ചാണ് സംസാരിച്ചത്. മഹാമാരിയുടെ പ്രത്യാഘാതങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം, അപകട സാധ്യതകൾ എന്നിവയെ കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണ് എന്നും, അതിനെ ഗൗരവത്തോടെയും അനുകമ്പയോടെയും കൃത്യസമയത്തുള്ള വൈദ്യസഹായത്തോടെയും സമീപിക്കണമെന്നും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞു.
പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ. ഇത് എന്നാൽ ഭ്രാന്തല്ല. സമ്മർദ്ദവും ഉത്കണ്ഠയും സാധാരണമാണ്. എന്നാൽ അപമാനമോർത്ത് പലരും തുറന്ന് പറയാനും സഹായം തേടാനും മടിക്കുന്നു. അവബോധവും അംഗീകാരവുമാണ് മെച്ചപ്പെട്ട രോഗമുക്തിയിലേക്കുള്ള ആദ്യ പടി. കോവിഡ്19 വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും കേസുകളിൽ 25 ശതമാനം വർധനവിന് കാരണമായെന്ന് ഡോ. സമീർ പരീഖ് വെളിപ്പെടുത്തി. പ്രൊഫഷണൽ സഹായം ആവശ്യമാണ്. ശാരീരികാരോഗ്യത്തിന് ഡോക്ടറെ കാണുന്നതുപോലെ മാനസികാരോഗ്യത്തിനും ഡോക്ടർമാരെ കാണുന്നത് സാധാരണമാക്കേണ്ട സമയമാണിതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ഡിജിറ്റൽ അഡിക്ഷനും ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ നടത്തിയ പഠനത്തിൽ കുട്ടികൾക്ക് വിഷാദമുള്ളലതായി കണ്ടെത്തിയിട്ടുണ്ട്. അമിതമായ സ്ക്രീൻ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. മാതാപിതാക്കൾ ആദ്യം വീട്ടിൽ മാതൃക കാണിക്കണം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ മസ്തിഷ്ക വികാസത്തെ ബാധിക്കുമെന്നും ഡിജിറ്റൽ ഓട്ടിസം പോലുള്ള അവസ്ഥയിലേക്ക് നയിക്കുമെന്ന് ഡോ. വോഹ്‌റ പറഞ്ഞു. വെർച്വൽ ലോകം മിഥ്യാധാരണകൾ സൃഷ്ടിക്കുകയും, ശ്രദ്ധാ ദൈർഘ്യം കുറക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഏകാന്തതയെ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ഇത് ദിവസം 15 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് ഡോ. ബോറ പറഞ്ഞു. ആളുകൾ ഡിജിറ്റലായി ബന്ധം തേടുന്നു. നേരിട്ട് സംസാരിക്കാൻ അവർക്ക് കഴിയുന്നില്ല. ഇത് ഉത്കണ്ഠയും വിഷാദവും വർധിപ്പിക്കുന്നു. തൊഴിലിടങ്ങളിൽ അമിത ജോലി ഭാരം ഇല്ലെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ആത്മഹത്യാ പ്രതിരോധം, കൗൺസിലിങ് എന്നിവയൊക്കെ ഭാഗമാക്കണം. സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ, ധ്യാനം, സാമൂഹിക ബന്ധങ്ങൾ, എട്ട് മണിക്കൂർ ഉറക്കം എന്നിവ സന്തുലിതമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ശരീരം പോലെ മാനസിക ആരോഗ്യത്തിനും പ്രധാന്യം നൽകേണ്ടത് അനിവാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

